Loading ...

Home National

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്​ പൊതുപരീക്ഷ; ഡല്‍ഹി സര്‍വകലാശാല തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്​ പൊതുപരീക്ഷ നടത്താനുള്ള ഡല്‍ഹി സര്‍വകലാശാല തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം.
വിദ്യാര്‍ഥികളും അധ്യാപകരും എതിര്‍പ്പുമായി രംഗത്തെത്തി. അക്കാദമിക്​ കൗണ്‍സില്‍ തീരുമാനത്തിന്​ എക്സിക്യൂട്ടിവ്​ കൗണ്‍സിലിന്‍റെ അനുമതി നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം.
വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലെ 12ാം ക്ലാസ്​ പൊതുപരീക്ഷ മാര്‍ക്കി​ന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷം വരെ ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദത്തിന്​ പ്രവേശനം നല്‍കിയിരുന്നത്​. എന്നാല്‍ ഇത്തവണ കേരള ബോര്‍ഡിന്​ കീഴില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്​ ​​പ്രവേശനത്തില്‍ മുന്‍തൂക്കം ലഭിക്കുന്നു എന്ന് പരാതിയുമായി ​സംഘ്​പരിവാര്‍ സംഘടനകള്‍ രംഗത്ത് എത്തി. മാര്‍ക്ക് ജിഹാദ് ആരോപണം ഉന്നയിച്ച സര്‍വകലാശാലയിലെ പ്രൊഫസര്‍ക്കെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇതോടെ വൈസ്​ ചാന്‍സലര്‍ യോഗേഷ്​ സിങ്​ ഒമ്പതംഗ വിദഗ്​ധ സമിതിയെ പ്രവേശന നടപടികള്‍ പഠിക്കാന്‍ നിയോഗിക്കുകയായിരുന്നു. ഈ സമിതി പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന്​ സര്‍വകലാശാലക്ക്​ ശിപാര്‍ശ നല്‍കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് കട്ട് ഓഫ് മാര്‍ക്കിന് പകരം പൊതു പ്രവേശന പരീക്ഷ നടത്താനുള്ള നിര്‍ദേശം എക്സിക്യൂട്ടീവ് കൌണ്‍സിലും അംഗീകരിച്ചു. സര്‍വകലാശാല തീരുമാനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എസ്.എഫ്.ഐ പറഞ്ഞു.പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ പാഠനങ്ങള്‍ നടത്താതെ ഏകപക്ഷിയമായ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതലാകും പ്രവേശനം പൊതുപരീക്ഷ മാര്‍ക്കി​ന്‍റെ അടിസ്ഥാനത്തില്‍ നടത്തുക. അതിനിടെ കേരളത്തില്‍ നിന്നും ഒ.ബി.സി വിഭാഗത്തിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നുവെന്ന സര്‍വകലാശാല കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് വിവാദമായി.


Related News