Loading ...

Home National

മധ്യപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദവി 44 ലക്ഷത്തിന് ലേലം വിളിച്ചു നല്‍കി

തെരഞ്ഞെടുപ്പ് വെറും പണച്ചെലവാണെന്ന് അഭിപ്രായപ്പെട്ട് മധ്യപ്രദേശ് ഗ്രാമത്തിലെ സര്‍പഞ്ച് പദവി 44 ലക്ഷത്തിന് നാട്ടുകാര്‍ ലേലം വിളിച്ചു നല്‍കി.അശോക് നഗര്‍ ജില്ല ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലേ ഭാട്ടുലി ഗ്രാമത്തിലാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ലേലം വിളി സംഘടിപ്പിച്ച്‌ പഞ്ചായത്ത് അധ്യക്ഷനെ കണ്ടെത്തിയത്. ഇനി തെരഞ്ഞെടുപ്പ് നടന്നാല്‍ ലേലം കിട്ടിയയാളെ തന്നെ തെരഞ്ഞെടുക്കുമെന്നും സത്യം ചെയ്തിരിക്കുകയാണ് ഗ്രാമവാസികള്‍. ചൊവ്വാഴ്ച നടന്ന ലേലം വിളി 21 ലക്ഷത്തിലാണ് തുടങ്ങിയത്. നാലുപേര്‍ക്കിടയില്‍ നിന്ന് 44 ലക്ഷം വിളിച്ച സൗഭാഗ് സിങ് ലേലം ഉറപ്പിച്ചു. ശേഷം നാട്ടുകാര്‍ പൂച്ചെണ്ട് നല്‍കി ഇദ്ദേഹത്തെ സ്വീകരിച്ചു. ലേലത്തുക നാടിന്റെ വികസനത്തിനും ഗ്രാമത്തിലെ ക്ഷേത്രം പുനരുദ്ധരിക്കാനുമാണ് ഉപയോഗിക്കുക.

''ഇനി ഇദ്ദേഹം പറഞ്ഞ പണം നല്‍കാതിരുന്നാല്‍ രണ്ടാമത്തെയാളാകും സര്‍പഞ്ച്. എന്തായാലും തെരഞ്ഞെടുപ്പ് നടത്തി ഞങ്ങള്‍ പണം കളയില്ല'' -മുതിര്‍ന്ന ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു. ഇനി അഥവാ തെരഞ്ഞെടുപ്പ് നടന്ന് ഇപ്പോള്‍ ലേലം നേടിയ സൗഭാഗ് സിങിന് മത്സരിക്കാന്‍ കഴിയാതിരുന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് നാട്ടുകാര്‍ക്ക് ഉത്തരമില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമപ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാട്ടുലിയിലെ റിട്ടേണിങ് ഓഫിസറായ തഹസില്‍ദാറിനോട് ലേലത്തെ കുറിച്ച്‌ അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പറഞ്ഞതായി എസ്ഡിഎം ചന്ദേരി പ്രഥാം കൗഷിക് പറഞ്ഞു.

Related News