Loading ...

Home USA

ഇസ്‌ലാമോഫോബിയ തടയാന്‍ ബില്‍ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമോഫോബിയ തടയാനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 212നെതിരെ 219 വോട്ടുകള്‍ക്കാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഉമര്‍ കൊണ്ടുവന്ന ബില്‍ സഭ പാസാക്കിയത്.

മിനിസോട്ട സ്‌റ്റേറ്റിനെ തീവ്രവാദി പ്രദേശം എന്ന് വിളിച്ച ലോറന്‍ ബിയോബെര്‍ട്ടിനെ കമ്മിറ്റി ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക നടപടി സ്വീകരിച്ച്‌ ഒരാഴ്ചക്ക് ശേഷമാണ് പുതിയ നീക്കം. മിനിസോട്ടയില്‍ നിന്നുള്ള അംഗമായ ഇല്‍ഹാന്‍ ഉമറിനെ തീവ്രവാദി സംഘാംഗമെന്നും ബിയോബെര്‍ട്ട് ആക്ഷേപിച്ചിരുന്നു. ലോകത്തെമ്ബാടുമുള്ള ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കുന്ന ബില്ലില്‍ ഇനി പ്രസിഡന്‍റ് ജോ ബൈഡന്‍ ഒപ്പു വെക്കണം. വൈറ്റ് ഹൗസ് ബില്ലിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മതങ്ങളും തുല്യമായി പരിഗണിക്കപ്പെടണമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവന നടത്തിയിരുന്നു

നിയമപ്രകാരം വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ ഓഫിസ് സ്ഥാപിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും. ഇവര്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ തടയാനായി പ്രവര്‍ത്തിക്കും. ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടുകളില്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഇസ്‌ലാമോഫോബിയ അക്രമവും ശിക്ഷയില്ലായ്മയും ഉള്‍പ്പെടുത്തും. മുസ്‌ലിംകളുടെ ആഗോള പ്രശ്‌നങ്ങള്‍ നിയമനിര്‍മാതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും യുഎസ് നേതൃത്വത്തിന് അവ തടയാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കും.

ഈ നിയമനിര്‍മാണം മാസങ്ങളായി മുമ്ബിലുണ്ടെങ്കിലും ചൊവ്വാഴ്ചയാണ് ബില്‍ പാസാക്കിയത്. ബിയോബെര്‍ട്ടിന്റെ വംശീയ പരാമര്‍ശത്തോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ നാന്‍സി പെലോസി സ്വന്തം പാര്‍ട്ടി അംഗങ്ങളില്‍ നിന്നടക്കം സമ്മര്‍ദ്ദം നേരിട്ടതോടെയാണ് നിയമം പാസായത്. ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒക്‌ടോബറിലാണ് ഇല്‍ഹാന്‍ ഉമര്‍ ബില്‍ അവതരിപ്പിച്ചിരുന്നത്. 30 അമേരിക്കന്‍ നിയമജ്ഞരുടെ പിന്തുണയോടെയായിരുന്നു ബില്‍ തയാറാക്കിയത്.

എന്നാല്‍ റിപ്പബ്ലിക്കന്‍സ് ബില്‍ പക്ഷാപാതപരവും തിരക്കുപിടിച്ച്‌ തയാറാക്കിയതാണെന്നും വിമര്‍ശിച്ചു. എതിര്‍ത്ത് വോട്ടു ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പ്രതിനിധി സ്‌കോട്ട് പെറി ഇല്‍ഹാന്‍ ഉമര്‍ സെമിറ്റിക് വിരുദ്ധയാണെന്നും അവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ആക്ഷേപിച്ചു.

Related News