Loading ...

Home National

വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് രീതികള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതടക്കം തെരഞ്ഞെടുപ്പ് രീതികള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് കമീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചാണ് നടപടി. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചത് പോലെയാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുക. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി വിധി നിലനില്‍ക്കേ, കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നത് ഇഷ്ടമുള്ളവര്‍ മാത്രം ചെയ്താല്‍ മതിയാകും. തെരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച ബില്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ച്‌ നടത്തിയ പരീക്ഷണ പദ്ധതി വിജയകരമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതിനെ പുറമേ വേറെയും പരിഷ്‌കരണങ്ങള്‍ തെരഞ്ഞെടുപ്പ് രീതികളില്‍ കൊണ്ടുവരുന്നുണ്ട്. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാലുവട്ടം അവസരം നല്‍കും. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലാണ് പേര് ചേര്‍ക്കുന്നത്. വോട്ടിങ് പ്രക്രിയയില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കും. തെരഞ്ഞെടുപ്പ് കമീഷന് കൂടുതല്‍ അധികാരം നല്‍കും. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കും. ഇവയൊക്കെ പുതിയ ബില്‍ വഴി നിയമമാക്കും.

സര്‍വിസ് ഓഫിസര്‍മാരുടെ വോട്ടിങ് രേഖപ്പെടുത്തുന്നതില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ നിയമം കൊണ്ടുവരും. നിലവില്‍ പുരുഷ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. അതിനാല്‍ സ്ത്രീ ഉദ്യോഗസ്ഥരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഈ അവസരം നല്‍കും. തെരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കാന്‍ കമീഷന് അധികാരമുണ്ടാകും. നിലവില്‍ സ്‌കൂളുകളും മറ്റു പ്രധാന കെട്ടിടങ്ങളും തെരഞ്ഞെടുപ്പ് കാലയളവില്‍ ഉപയോഗിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്.






Related News