Loading ...

Home International

ജിസിസി ഉച്ചകോടിക്ക് സമാപനം; സംയുക്ത നിക്ഷേപങ്ങള്‍ ഇരട്ടിയാക്കും

ജിസിസി അംഗ രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്ത് നാല്‍പത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദില്‍ കൊടിയിറങ്ങി.
എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഒട്ടക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ജിസിസി രാജ്യങ്ങളിലെ സംയുക്ത നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാനും ഉച്ചകോടിയില്‍ ധാരണയായി. റിയാദിലെ ദര്‍ഇയ കൊട്ടാരത്തിലായിരുന്നു ജിസിസി ഉച്ചകോടി നടന്നത്.

ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് അല്‍ഹജ്റഫാണ് ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനങ്ങള്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും.

ജി.സി.സി രാജ്യങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനവും സൈബര്‍ സുരക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും മുന്നേറ്റവും ലക്ഷ്യം വെച്ചുള്ള പദ്ധതിയുണ്ടാകും. രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും സ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ ഏകോപിപ്പിക്കണം. രാജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കും. അംഗരാജ്യങ്ങളുടെ വിദേശനയങ്ങള്‍ ഒന്നിപ്പിക്കാന്‍ യോജിച്ച ശ്രമങ്ങള്‍ വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. അംഗരാജ്യങ്ങള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങളോ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതോ ഒഴിവാക്കണം. സംയുക്ത നിക്ഷേപം ഇരട്ടിയാക്കും. ഇതിനായി രാജ്യങ്ങള്‍ക്കിടയില്‍ റോഡ്, റെയില്‍, ആശയവിനിമയ ശൃംഖലകള്‍ വികസിപ്പിക്കണം. പരസ്പരം സഹകരിക്കാതെ വളരാനാകില്ലെന്നും ഉച്ചകോടി ഉണര്‍ത്തി.

ഖത്തറുമായുള്ള ഉപരോധം അവസാനിച്ച ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണ് ഇന്നലെ രാത്രി നടന്നത്. യുഎഇ വൈസ് പ്രസിഡണ്ട്, ഖത്തര്‍ അമീര്‍, ബഹ്റൈന്‍ രാജാവ്, ഒമാന്‍ ഭരണാധികാരി എന്നിവര്‍ ഉച്ചകോടിയിലെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു അധ്യക്ഷന്‍.

Related News