Loading ...

Home Gulf

യുഎഇയില്‍ ഇനി സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ മേഖല പോലെ അവധി ആനുകൂല്യം

ദുബായ് : യു.എ.ഇയിലെ പൊതു സ്വകാര്യ മേഖലയിലെ അവധിയാനുകൂല്യം ഏകീകരിച്ചുകൊണ്ട് ഉത്തരവ്. യു.എ.ഇ മാനവക്ഷേമ സ്വദേശിവത്കരണ മന്ത്രാലയമാണ് പൊതു സ്വകാര്യമേഖലയിലെ അവധിയാനുകൂല്യം ഏകീകരിച്ചതായി അറിയിച്ചത്.

2021-ലെ ഫെഡറല്‍ നിയമം 47 പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ അവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

2022 ഫെബ്രുവരി 2 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. സ്വകാര്യ പൊതുമേഖലകളിലെ മുഴുവന്‍ സമയ ജീവനക്കാര്‍ 30 ദിവസത്തെ വാര്‍ഷികാവധിക്ക് അര്‍ഹരാണ്. ജോലിയില്‍ ആറുമാസം പൂര്‍ത്തീകരിച്ച ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനിടെ പ്രതിമാസം വേതനത്തോടുകൂടിയ രണ്ട് അവധികള്‍ക്കും അനുമതിയുണ്ട്. സ്വകാര്യ പൊതുമേഖലകളിലെ ജീവനക്കാര്‍ക്ക് 60 ദിവസത്തെ പ്രസവാവധിയും ലഭിക്കും. ഇതില്‍ 45 ദിവസം മുഴുവന്‍ വേതനത്തോടു കൂടിയതും 15 ദിവസം പകുതി വേതനത്തോടുകൂടിയതും ആയിരിക്കും. അംഗീകരിച്ച മറ്റ് അവധിക്കൊപ്പം പ്രസവാവധിയെടുക്കാന്‍ ജീവനക്കാരികള്‍ക്ക് അവകാശമുണ്ടെന്ന് മാനവക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നത്.

പ്രസവാവധി എടുത്തതിനാല്‍ ഒരാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ തൊഴിലുടമയ്‌ക്ക് അധികാരമില്ല. കുട്ടി ജനിച്ചശേഷമുള്ള ആറുമാസക്കാലയളവില്‍ പിതാവിന് അഞ്ചുദിവസത്തെ അവധിക്കും അനുമതിയുണ്ട്. പങ്കാളിയുടെ മരണത്തില്‍ അഞ്ചുദിവസവും അടുത്ത രക്തബന്ധത്തിലുള്ളവരുടെ മരണത്തില്‍ മൂന്ന് ദിവസവും അവധി അനുവദനീയമാണ്. അസുഖമുള്ളവര്‍ക്ക് 90 ദിവസത്തെ അവധി ഒരുവര്‍ഷം അനുവദനീയമാണ്. ഇതില്‍ 15 ദിവസം മുഴുവന്‍ വേതനത്തോടുകൂടിയതും 30 ദിവസം പകുതി വേതനത്തോടുകൂടിയതും ബാക്കിയുള്ളവ വേതനമില്ലാത്ത അവധിയുമായിരിക്കും. യു.എ.ഇക്കകത്തോ പുറത്തോ ഉള്ള യു.എ.ഇ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ പഠനം നടത്തുന്ന ജീവനക്കാര്‍ക്ക് പരീക്ഷകള്‍ക്കായി വര്‍ഷത്തില്‍ 10 ദിവസത്തെ അവധിയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


Related News