Loading ...

Home National

മുസ്ലിങ്ങള്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് വിലക്കി ഹരിയാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച നമസ്‌കാരം മുസ്ലിങ്ങള്‍ പൊതുസ്ഥലത്ത് നിര്‍വഹിക്കുന്നതിനെതിരെ ഹരിനായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

ഇതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടാക്കിയ കരാര്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗുഡ്ഗാവ് ഭരണകൂടം മുസ്ലിങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. അതുവരെ മുസ്ലിങ്ങള്‍ പൊതുഇടങ്ങളില്‍ നിസ്‌കരിക്കരുത്. വീടുകളിലും പള്ളികളിലും നിസ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ നിശ്ചയിച്ചു നല്‍കിയ പൊതുഇടങ്ങളിലാണ് ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മുസ്ലിങ്ങള്‍ വെള്ളിയാഴ്ച നമസ്‌കാരം നിര്‍വഹിക്കുന്നത്. പള്ളി നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ലെന്നാണ് മുസ്ലിങ്ങളുടെ പരാതി. മാത്രമല്ല, പള്ളികളുടെ സ്ഥലങ്ങള്‍ വികസന ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തുവെന്നും മുസ്ലിങ്ങള്‍ പറയുന്നു. അതിനിടെയാണ് 2018ല്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം തുടങ്ങിയതും സംഘര്‍ഷത്തിലേക്ക് എത്തിയതും. തുടര്‍ന്ന് മുസ്ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സാധിക്കുന്ന ചില സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കി ഭരണകൂടം കരാറുണ്ടാക്കുകയും ചെയ്തു. ഈ കരാര്‍ വൈകാതെ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദമായിരുന്നു. ഇത് തുടര്‍ന്നതോടെ തര്‍ക്കം രൂക്ഷമായി. വിവാദത്തില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗവുമായും ഗുഡ്ഗാവ് ഭരണകൂടം ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം എത്രയും വേഗം പരിഹരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകാന്‍ പാടില്ല. ആരാധന അതിന് വേണ്ടി നിര്‍മിച്ച സ്ഥലങ്ങളിലാകണം. തുറസായ സ്ഥലങ്ങളില്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related News