Loading ...

Home National

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 13 മരണം

കൂനൂര്‍ (ഊട്ടി): സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നു വീണു.
13 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ സ്ഥിരീകരിച്ചു. 80 ശതമാനം പൊള്ളലേറ്റ ബിപിന്‍ റാവത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ട്. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഉച്ചക്ക് 12.20ഒാടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാര്‍ക്കിലായിരുന്നു അപകടം. ബിപിന്‍ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്‍റോണ്‍മെന്‍റിലെ ഡിഫന്‍സ് സര്‍വീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.ബിപിന്‍ റാവത്തിനെ കൂടാതെ പത്​നി മധുലിക റാവത്ത്​, ബ്രിഗേഡിയര്‍ ലിദ്ദര്‍, ലഫ്​റ്റനന്‍റ്​ കേണല്‍ ഹര്‍ജിന്ദര്‍ സിങ്​, നായിക്​ ഗുരുസേവക്​ സിങ്​, നായിക്​ ജിതേന്ദ്ര കുമാര്‍, ലാന്‍സ്​നായിക്​ വിവേക്​ കുമാര്‍, ലാന്‍സ്​നായിക്​ ബി. സായി തേജ, ഹവില്‍ദാര്‍ സത്​പാല്‍ തുടങ്ങിയവരാണ്​ അപകടത്തില്‍പ്പെട്ട ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.

അപകടസ്ഥലത്തിന് 300 മീറ്റര്‍ ചുറ്റളവില്‍ സൈന്യം, പൊലീസ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി. മൂന്ന് പേരെ ജീവനോടെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് സ്ഥിരീകരിക്കാത്ത വിവരം. സുലൂര്‍ വ്യോമകേന്ദ്രം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം. വ്യോമസനേയുടെ എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ച്‌ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.




Related News