Loading ...

Home cinema

അത്യുജ്ജ്വല നടന്‍റെ മരിക്കാത്ത ഓര്‍മ്മകള്‍

സലിം കാമ്പിശേരി”മലയാള സിനിമ പ്രേക്ഷകര്‍ എന്നെ പുറന്തള്ളുംവരെ ഞാന്‍ അഭിനയിക്കും. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കാനാണ് എനിക്കിഷ്ടം.”
മലയാള സിനിമയില്‍ നായക സങ്കല്‍പ്പത്തിന് ഒരു പുത്തന്‍ പരിവേഷം നല്‍കിയ സാക്ഷാല്‍ എം ജി സോമന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷം കഴിഞ്ഞു.
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തല എസ് എന്‍ കോളജില്‍ സോമന്‍ കോളജ് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുവാനെത്തി. ന്യൂവേവ് ചിത്രങ്ങളുടെ ആരാധകരെന്ന് അഭിമാനിച്ചിരുന്ന കുറേപ്പേര്‍ ഒരു ചോദ്യമെറിയുന്നു.
‘മലയാളത്തില്‍ ആര്‍ട്ട് സിനിമയെ പ്രോത്സാഹിപ്പിക്കുവാന്‍ നിങ്ങളെപ്പോലുള്ള നടന്മാര്‍ക്ക് എന്തു ചെയ്യുവാനാകും?’
സോമന്‍റെ മറുപടി ആധികാരിക സ്വഭാവമുള്ളതായിരുന്നു. ആര്‍ട്ട് സിനിമ എന്ന വേര്‍തിരിവ് ശരിയല്ല. ആര്‍ട്ടില്ലാത്ത ഏത് സിനിമ നിങ്ങള്‍ക്ക് കാണിച്ചുതരാനാകും. സോമന്‍ പെട്ടെന്ന് ഒരു അധ്യാപക വേഷം ധരിച്ചു തുടര്‍ന്നു:-
”സിനിമ കലകളുടെ ആകെത്തുകയാണ്. അതില്‍ സാഹിത്യമുണ്ട്, സംഗീതമുണ്ട്, അഭിനയമുണ്ട്, നൃത്തമുണ്ട്, ചിത്രകലയുണ്ട്, വേഷവിധാനങ്ങളുടെ നിറപ്പകിട്ടുണ്ട്, ദൃശ്യാവിഷ്‌കരണം എന്ന ക്യാമറാ കലയുണ്ട്. ഈ കലകളെ ശരിയായ അനുപാതത്തില്‍ കൂട്ടിയിണക്കുമ്പോള്‍ അത് മികച്ച ഒരു സിനിമയാകുന്നു. കലാമൂല്യമുള്ള ചിത്രമാകുന്നു. ഒന്നോര്‍ക്കുക- ഒരു സിനിമയിലും കല ഇല്ലാതാകുന്നില്ല. എല്ലാ സിനിമകളിലും കലകളുടെ നിറക്കൂട്ടുതന്നെ.”
ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചനായി സോമന്‍സോമന്‍ കല്‍പ്പിച്ച കലയുടെ ലക്ഷണശാസ്ത്രത്തിന് ഇന്നും പ്രസക്തിയുണ്ട്. സിനിമ എന്ന കലയുടെ എല്ലാ വശങ്ങളും ഇത്രയേറെ വിശദമായി പഠിച്ച ഒരു നടന്‍ ഉണ്ടോ എന്ന് സംശയമുണ്ട്.
എയര്‍ഫോഴ്‌സ് ഉദ്യോഗം അവസാനിപ്പിച്ചശേഷം നാട്ടില്‍ വന്ന സോമന്‍ നാടകരംഗത്താണ് ആദ്യം കാല്‍വച്ചത്. കേരളാ ആര്‍ട്ട്‌സ് തീയേറ്റേഴ്‌സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ പത്‌നി അന്തരിച്ച കൃഷ്ണവേണിയാണ് ഗായത്രിയിലേയ്ക്ക് സോമനെ ശുപാര്‍ശ ചെയ്തത്. പിന്നീടങ്ങോട്ട് സോമന്‍ എന്ന നടന്റെ ജൈത്രയാത്രയായിരുന്നു. 1977ല്‍ മാത്രം സോമന് 44 ചിത്രങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ കടുത്ത തിരക്കായപ്പോഴും തന്നോടൊപ്പം നാടകത്തിലഭിനയിച്ച ആള്‍ക്കാരെ സോമന്‍ തിരക്കിച്ചെല്ലുമായിരുന്നു. സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുമ്പോഴും രഹസ്യമായി തട്ടുദോശയും പപ്പടബോളിയും വാങ്ങിത്തിന്നാന്‍ കൊതികാണിക്കുന്ന സോമന്‍ അവിടത്തെ വിഭവസമൃദ്ധമായ മെനുവിനെക്കാള്‍ സുഹൃത്തുക്കളുടെ വീട്ടിലെ ഉള്ളിത്തീയലിനും ചക്കക്കുരു മെഴുക്കുവരട്ടിക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. സിനിമാരംഗത്തെ സിംഹാസനങ്ങള്‍ തനിക്കുവേണ്ടി കാത്തുകിടന്നപ്പോഴും പച്ചയായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും നിഷ്‌കളങ്കതയും മനസില്‍ സൂക്ഷിക്കുകയും എവിടെപ്പോയാലും സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ആഘോഷമായികൂടി, അവരുടെ ഇടയില്‍ മൂത്തചേട്ടനായി, സോമേട്ടനായി ഇരിക്കുവാനാണ് സോമന്‍ ഇഷ്ടപ്പെട്ടത്. സുഹൃദ്‌സദസുകളില്‍ സോമന്‍ മനോഹരമായി പാടാറുണ്ടായിരുന്നു എന്ന വസ്തുത പലര്‍ക്കും അറിവുള്ളതല്ല. വയലാറിന്റെയും ഭാസ്‌കരന്‍ മാസ്റ്ററുടെയും പഴയ ഗാനങ്ങളോട് കടുത്ത പ്രേമമായിരുന്നു സോമന്. കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന ഗാനം അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക നായികമാരും സോമനോടൊപ്പം വേഷം ചെയ്തിട്ടുണ്ട്. സോമന്‍ – ജയഭാരതി ടീം പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. ഹിന്ദിയിലെ ശര്‍മ്മിള ടാഗോര്‍, ശ്രീദേവി ഭാനുപ്രിയ എന്നിവരൊക്കെ സോമന്റെ നായികമാരായിട്ടുണ്ട്.
നടന്‍ കമലഹാസനുമായി പറഞ്ഞറിയിക്കാനാവാത്ത ഗാഢബന്ധമാണ് സോമനുണ്ടായിരുന്നത്. സോമന്റെ മരണം കമലിന് ഒരു വലിയ ആഘാതമായിരുന്നു. കേരളത്തില്‍ വരുമ്പോഴൊക്കെ കമല്‍ സോമന്റെ വീട്ടില്‍ വരാറുണ്ട്. അതുപോലെ തന്നെ മധു, മുരളി, ജനാര്‍ദ്ദനന്‍, വേണു നാഗവള്ളി, ചെറിയാന്‍ കല്‍പ്പവാടി എന്നിങ്ങനെ സുഹൃത്തുക്കളുടെ പട്ടിക വേറെ.
1975ല്‍ ചുവന്ന സന്ധ്യകള്‍, സ്വപ്‌നാടനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ ഏറ്റവും നല്ല സഹനടനുള്ള അവാര്‍ഡും 1976 ല്‍ തണല്‍, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള അവാര്‍ഡും സോമന് ലഭിച്ചിരുന്നു. അവള്‍ ഒരു തുടര്‍ക്കഥ, കുമാരവിജയം, എംജിആറിനോടൊപ്പം നാളെ നമതെ എന്നീ തമിഴ് ചിത്രങ്ങളിലും സോമന്‍ അഭിനയിച്ചിട്ടുണ്ട്. ജോണ്‍പോളിനോടൊപ്പം ‘ഭൂമിക’ എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗം, താര സംഘടനയായ അമ്മയുടെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും സോമന്‍ ശ്രദ്ധേയനായി. ലളിതമായ ശൈലിയില്‍ ആകര്‍ഷകമായി പ്രസംഗിക്കുന്ന സോമന്‍ ഒരു നല്ല വായനക്കാരനുമായിരുന്നു. 1997 ഡിസംബര്‍ 12നാണ് സോമന്‍ എറണാകുളം പിവിഎസ് ആശുപത്രിയില്‍ വച്ച് വിടവാങ്ങിയത്. ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്റെ അന്ത്യയാത്ര തിരശീലയില്‍ കണ്ട സിനിമാപ്രേമികള്‍ക്ക് താമസിയാതെ സോമന്റെ യഥാര്‍ത്ഥ അന്ത്യയാത്ര കാണേണ്ടിവന്നു. നിറമിഴികളുമായി നില്‍ക്കുന്ന ആരാധകരുടെ ചെവിയില്‍ സോമന്റെ വാക്കുകള്‍ ഇങ്ങനെ കടന്നുവന്നു:-”മലയാള സിനിമയ്ക്ക് അതുല്യമായ ഒരു വേഷം സംഭാവന ചെയ്തു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ മലയാള സിനിമയില്‍ ഒരു മാറ്റത്തിന് വഴിതെളിച്ചു എന്ന് ഞാന്‍ അവകാശപ്പെടും. എനിക്ക് ചിലരൊക്കെ പറയുംപോലെ കര്‍ണ്ണന്റെ വേഷം ചെയ്യണം – ഭീഷ്മരാകണം എന്നിങ്ങനെയുള്ള വ്യാമോഹങ്ങള്‍ ഒന്നുമില്ല. അഭിനയിക്കാന്‍ കഴിവുള്ള കാതലുള്ള എന്തെങ്കിലും കിട്ടണം അത്രേയുള്ളു.”

Courtsey: Janayugam

Related News