Loading ...

Home International

കൊറോണയ്‌ക്ക് ബ്ലഡ് പ്ലാസ്മ ചികിത്സ നല്‍കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍:കൊറോണ ചികിത്സയ്‌ക്ക് നിലവില്‍ ഉപയോഗിച്ച്‌ വരുന്ന ബ്ലഡ് പ്ലാസ്മ ചികിത്സ രീതിക്ക് കൂടുതല്‍ മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന.കൊറോണ രോഗ ലക്ഷണങ്ങള്‍ കുറവും ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടില്ലാത്തതുമായ രോഗികളില്‍ പ്ലാസ്മ രീതിയില്‍ ചികിത്സ നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി.

മുന്‍പ് ചില രോഗികള്‍ പ്ലാസ്മ ചികിത്സയിലൂടെ കൊറോണയില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നുവെങ്കിലും ഇത് പൂര്‍ണമായും ഉറപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായല്ലാതെ രോഗ ലക്ഷണങ്ങള്‍ കുറഞ്ഞ രോഗികളില്‍ പ്ലാസ്മ ചികിത്സാ രീതി നടത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി.

നിലവിലെ ചില പഠനത്തില്‍ പറയുന്നത് പ്ലാസ്മാ ചികിത്സ കൊറോണ രോഗിക്ക് ഐസിയുവിന്റെ ആവശ്യകതയില്‍ കുറവ് വരുത്തുന്നില്ല എന്നതാണ്, കൂടാതെ പ്ലാസ്മ ചികിത്സ ചെലവേറിയതുമാണ്.ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന ഒരു ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

കൊറോണ മുക്തരായ ആളുകളുടെ രക്തത്തില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മയാണ് ചികിത്സയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. കൊറോണ മുക്തരായ രോഗികളുടെ ശരീരത്തില്‍ കൊറോണയ്‌ക്കെതിരായ ആന്റി ബോഡികളുടെ സാന്നിദ്ധ്യം ഉണ്ടാവും. ഇത് ഉപയോഗപ്പെടുത്താനാണ് കൊറോണ മുക്തരായവരില്‍ നിന്ന് രക്തസാമ്ബിള്‍ ശേഖരിച്ച്‌ ചികിത്സ നടത്തുന്നത്. നിലവില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണയ്‌ക്കെതിരായ ചികിത്സാ രീതിയാണ് പ്ലാസ്മ.

ഒമിക്രോണ്‍ ഭീതിക്കിടയില്‍ ലോകാരോഗ്യ സംഘടന പ്ലാസ്മ ചികിത്സാ രീതി സംബന്ധിച്ച്‌ പുതിയ നിര്‍ദ്ദേശം നല്‍കിയതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യരംഗം.

Related News