Loading ...

Home National

മുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു; വീടുകളില്‍ വെള്ളം കയറി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന്​ തിങ്കളാഴ്​ച രാത്രിയും വന്‍തോതില്‍ ജലം തമിഴ്​നാട്​ അധികൃതര്‍ തുറന്നുവിട്ടു.സെക്കന്‍ഡില്‍ 12,654 ഘന അടി ജലമാണ്​ രാത്രി ഒമ്പതോടെ തുറന്നുവിട്ടത്​. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി.വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ശക്തമായതോടെയാണ് പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയില്‍ എട്ടരയോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് ഉയര്‍ത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.എന്നാല്‍, രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി. രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.സ്ഥിതിഗതി വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്​റ്റിന്‍ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി.

Related News