Loading ...

Home National

മകന്റെ പ്രസ്താവന സമ്മര്‍ദ്ദം മൂലം, ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് അമ്മാവന്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ട ജസ്റ്റിസ് ബി.എച്ച്‌ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ. മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍ അനൂജ് ലോയ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അമ്മാവന്‍ രംഗത്തെത്തിയതെന്ന കാര്യവും ശ്രദ്ധേയമാണ്.സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്ന ലോയയുടെ മരണം ദൂരൂഹമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരി നേരത്തേ രംഗത്തെത്തിയിരുന്നു. അച്ഛന്‍ മരിക്കുമ്ബോള്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയായിരുന്ന അനൂജ് ഇപ്പോള്‍ അനുകൂലമായി രംഗത്തു വന്നത് കടുത്ത സമ്മര്‍ദ്ദം കൊണ്ടായിരിക്കാമെന്നാണ് അമ്മാവന്‍ പറയുന്നത്. സംഭവം വിവാദമാക്കി കുടുംബാംഗങ്ങള്‍ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം വരുത്തിവെക്കരുതെന്നാണ് അനൂജ് ലോയ മാധ്യമങ്ങളോട് പറഞ്ഞത്.



കേസ് വിചാരണ നടക്കുന്നതിനിടെ ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പുരിലെത്തിയ ലോയയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഹൃദയാഘാതമാണ് ലോയയുടെ മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല. മൃതദേഹത്തില്‍ മുറിപ്പാടുകളുംമറ്റും ഉണ്ടായിരുന്നു. മരണവിവരം തങ്ങളെ അറിയിക്കാതെ തിടുക്കപ്പെട്ട് മൃതദേഹപരിശോധന നടത്തിയതിലും കാരവാനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.ജസ്റ്റിസ് മോഹിത് ഷാ തന്റെ സഹോദരനെ അര്‍ധരാത്രി വിളിച്ച്‌ അമിത് ഷായ്ക്ക് അനുകൂലമായി കേസില്‍ വിധിപറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് സഹോദരി അനുരാധ പറയുന്നത്. അതിന് 100 കോടി രൂപ അദ്ദേഹം നേരിട്ട് വാഗ്ദാനംചെയ്തു. തങ്ങള്‍ക്ക് ഭീഷണിയുണ്ട്. പേടികൊണ്ടാണ് ഇതൊന്നും വെളിപ്പെടുത്താതിരുന്നത്. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ജസ്റ്റിസ് മോഹിത് ഷായും കൂട്ടരുമായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.വ്യാജഏറ്റുമുട്ടലിലൂടെ സൊറാബുദ്ദീന്‍ വധിക്കപ്പെട്ട കാലത്ത് അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ട ആളാണ് സൊറാബുദ്ദീന്‍ എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വെളിപ്പെട്ടു.ഈ കേസിന്റെ വിചാരണ അവസാനംവരെ ഒരു ജഡ്ജിയായിരിക്കണം കേള്‍ക്കേണ്ടതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍, കേസ് ആദ്യം കേട്ട ജഡ്ജിയെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ലോയ തത്സ്ഥാനത്ത് വന്നത്.സൊറാബുദ്ദീന്‍ കേസില്‍ പിന്നീട് വാദം കേട്ട ജഡ്ജി, അമിത് ഷാ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. 1995-ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിരുന്ന മോഹിത് ഷാ പിന്നീട് കല്‍ക്കത്ത ഹൈക്കോടതിയിലും പിന്നീട് ബോംബെ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി.

Related News