Loading ...

Home National

കൊവിഡ് ധനസഹായം വൈകുന്നതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം വൈകുന്നതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.

മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയാണ് കോടതി വിമര്‍ശിച്ചത്.

37000 പേര്‍ അപേക്ഷിച്ചിട്ട് മഹാരാഷ്ട്രയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും സഹായ ധനം നല്‍കിയിട്ടില്ലെന്നത് നിരാശാജനകമാണ് എന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ എണ്ണം കുറവാണ് എന്ന് നിരീക്ഷിച്ച കോടതി, സഹായധനം ലഭിക്കുന്ന കാര്യത്തിന് മാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചാരണം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നല്‍കാന്‍ സുപ്രീം കോടതി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രവും സംസ്ഥാനവും വിവിധ സഹായ പദ്ധതികള്‍ക്ക് കീഴില്‍ നല്‍കുന്ന തുകയ്ക്ക് മുകളില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിവി നാഗരത്‌ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗച്ചത്.

പശ്ചിമ ബംഗാളില്‍ 19,000ത്തിലധികം കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 467 അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കൂടാതെ, ഇവരില്‍ 110 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നോട്ടീസ് നല്‍കിയതിന് പിന്നാലെ ഡിസംബര്‍ 3 ന് ശേഷമാണ് മിക്ക സംസ്ഥാന സര്‍ക്കാരുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സ്ഥാപിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 'കോടതികള്‍ നിര്‍ബന്ധിച്ചതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സ്ഥാപിച്ചത്,' ജസ്റ്റിസ് പറഞ്ഞു.

രാജസ്ഥാനിലാകട്ടേ 9,000 ത്തോളം കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 595 അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ ഇതുവരെ ആര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'നിങ്ങളുടെ സര്‍ക്കാരിനോട് മനുഷ്യത്വം കാണിക്കാന്‍ പറയൂ.' എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട് ജസ്റ്റിസ് ഷാ പറഞ്ഞത്. കേസിന്റെ അടുത്ത വാദം ഡിസംബര്‍ 10ന് നടക്കും.


Related News