Loading ...

Home Kerala

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയായെന്ന് പ്രധാനധ്യാപകര്‍

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയായെന്ന് പ്രധാനധ്യാപകര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് പ്രധാനധ്യാപകര്‍ പറയുന്നു.വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധ്യാപകര്‍ കൂട്ടത്തോടെ കത്തയച്ചു.

ഒരു കുട്ടിക്ക് എട്ട് രൂപ നിരക്കില്‍ ആറ് ദിവസത്തേക്ക് 48 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിത്തുകയാണ് ചെലവ് വരുന്നതെന്ന് പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ പറയുന്നു. ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്ന 300 മി.ലി പാലിന് 15 രൂപയും ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപയും ചെലവ് വരും. ബാക്കി വരുന്ന തുക കൊണ്ട് എങ്ങിനെ ഉച്ചഭക്ഷണം നല്‍കുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.

പാചകവാതകത്തിന് വില കൂടിയതുമെല്ലാം ചെലവ് കൂട്ടിയിട്ടുണ്ട്. അധിക ചെലവ് കാരണം ഉച്ചഭക്ഷണ മെനു വെട്ടിക്കുറയ്ക്കാനും പറ്റില്ല. മെനു കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. കെ.പി.പി.എച്ച്‌.എയുടെ നേതൃത്വത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ നൂണ്‍ മീല്‍ കമ്മറ്റികള്‍ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് കൂട്ടത്തോടെ തപാല്‍ വഴി കത്തുകള്‍ അയച്ചു.

Related News