Loading ...

Home International

ഇന്തോനേഷ്യയിൽ അഗ്നിപര്‍വ്വത സ്‌ഫോടനം; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇന്നലെയുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരണം 13 ആയി. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമെരു അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.

വിവിധ ഇടങ്ങളില്‍ കുടുങ്ങിയ നിരവധിപേരെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റിപാര്‍പ്പിച്ചതായി ദുരുന്തനിവാരണ സേന അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗര്‍ഭിണികളടക്കം നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ജാവാ പ്രവിശ്യയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കി. ലുമാജാങ് ജില്ലയിലെ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്നലെ മൂന്ന് മണിയോടെയാണ് സെമെരു അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവാ പ്രവാഹം ആരംഭിച്ചത്. പ്രദേശത്തെ അവസ്ഥ ഭയാനകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പുകയും പൊടിയും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇതിനുമുന്‍പ് സെമെരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. 2017ലും 2019ലും ഇത് പൊട്ടിത്തെറിച്ചിട്ടുണ്ട്.

Related News