Loading ...

Home International

മൊസാദിന്റെ അമ്പരപ്പിക്കുന്ന ഓപ്പറേഷന്‍; ഇറാന്റെ ആണവകേന്ദ്രം ഇറാന്‍ ശാസ്ത്രജ്ഞരെക്കൊണ്ട് തന്നെ തകര്‍ത്തു

ടെഹ്‌റാന്‍: തന്ത്രപരമായ കരുനീക്കങ്ങളിലൂടെ ഇറാന്റെ ഏറ്റവും സുരക്ഷിതമായ ആണവകേന്ദ്രങ്ങളിലൊന്നിനെ തകര്‍ത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്.രഹസ്യാന്വേഷണ ഏജന്‍സിയലേക്ക് ഒരു കൂട്ടം ശാസ്ത്രജ്ഞരെ നിയമിച്ചുകൊണ്ടാണ് ഇറാനെ ഇസ്രായേല്‍ കബളിപ്പിച്ചത്. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നഥാന്‍സ് ആണവകേന്ദ്രമാണ് രഹസ്യനീക്കത്തിലൂടെ ഇസ്രായേല്‍ തകര്‍ത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ നഥാന്‍സ് ആണവകേന്ദ്രം നശിപ്പിക്കുന്നതിനായി മൊസാദ് ഏജന്റുമാര്‍ പത്തോളം ഇറാനിയന്‍ ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഈ ശാസ്ത്രജ്ഞന്‍മാര്‍ക്കും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര വിമതഗ്രൂപ്പിന് വേണ്ടി ജോലി ചെയ്യുകയാണെന്നാണ് ഈ ശാസ്ത്രജ്ഞന്‍മാര്‍ തെറ്റിദ്ധരിച്ചത്.

ഏപ്രില്‍ മാസത്തില്‍ നഥാന്‍സ് ആണവകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇവിടുത്തെ സെന്‍ട്രിഫ്യൂജുകളുടെ 90 ശതമാനവും നശിച്ചുപോയി. ഇതോടെ ചില നിര്‍ണ്ണായക കണ്ടുപിടുത്തങ്ങളുടെ പുരോഗതി വൈകുകയും ഒന്‍പത് മാസത്തോളം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചും കാറ്ററിങ് ലോറി ഉപയോഗിച്ചും സ്‌ഫോടകവസ്തുക്കള്‍ ഇവിടെയെത്തിച്ച്‌ ആക്രമണം നടത്തിയെന്നാണ് ജൂവിഷ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്ററിങ് ലോറിയിലെ ഭക്ഷണപെട്ടികളില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കളില്‍ ഒരു ഭാഗം അതീവ സുരക്ഷാ മേഖലയിലേക്ക് കടത്തിയത്. ഈ സ്‌ഫോടക വസ്തുക്കള്‍ ഇറാനിയന്‍ ശാസ്ത്രജ്ഞന്‍മാരാണ് ശേഖരിച്ച്‌ ആണവകേന്ദ്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ആണവകേന്ദ്രത്തിലെ 5000ത്തോളം നിര്‍ണ്ണായക യന്ത്രസാമഗ്രികളാണ് കത്തിപ്പോയത്. പ്രത്യേകമായി നിര്‍മ്മിച്ച സംരക്ഷിത കവചങ്ങള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിയില്‍ തകര്‍ന്നു പോയി.

ഈ ഓപ്പറേഷനെ കുറിച്ച്‌ കൃത്യമായ ധാരണയുള്ള ചില ശാസ്ത്രജ്ഞന്‍മാരും ഇവരോടൊപ്പം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ ഒളിസങ്കേതങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. അവരെല്ലാവരും സുരക്ഷിതരാണെന്നും ജൂവിഷ് ക്രോണിക്കിള്‍ പറയുന്നു. സെന്‍ട്രിഫ്യൂജുകളിലേക്ക് ഉയര്‍ന്ന തോതില്‍ വൈദ്യുതി എത്തിക്കുന്ന ഏറ്റവും സുരക്ഷിതമായ ഇന്റേണല്‍ പവര്‍ സിസ്റ്റവും പൊട്ടിത്തെറിയില്‍ നശിച്ചു. ഇവിടേക്കുള്ള വൈദ്യുതിയും തടസ്സപ്പെട്ടു.

2019ല്‍ മൊസാദിന്റെ ചാരന്മാര്‍ നഥാന്‍സ് സെന്‍ട്രിഫ്യൂജിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികളിലും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് ഓപ്പറേഷനുകളാണ് ഇസ്രയേലിനെതിരെ മൊസാദ് ആസൂത്രണം ചെയ്തത്. ജൂണ്‍ മാസത്തില്‍ ഇറാന്‍ സെന്‍ട്രിഫ്യൂജ് ടെക്‌നോളജി കമ്പനിയില്‍ ക്വാഡ്‌കോപ്റ്റര്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ഒരു സ്‌ഫോടനം നടത്തിയിരുന്നു. ഇതിന് പിന്നിലും മൊസാദ് ആണെന്നാണ് വിവരം. 18 മാസത്തിനിടെ നടത്തിയ മൂന്ന് ഓപ്പറേഷനുകളിലായി 1000ത്തോളം ടെക്‌നീഷ്യന്മാരും, ചാരന്മാരും, ഏജന്റുമാരും പങ്കാളികളായി.


Related News