Loading ...

Home National

മരിച്ച കര്‍ഷകരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രം; കണക്ക് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ശക്തമായ കര്‍ഷക സമര പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

സമരത്തില്‍ മരിച്ച കര്‍ഷകരുടെ കണക്ക് സംബന്ധിച്ച്‌ കൃഷി മന്ത്രാലയത്തിന്റെ പക്കല്‍ രേഖകളില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച്‌ ചോദ്യമുയരുന്നില്ലെന്നും കേന്ദ്രം പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ മരിച്ച കര്‍ഷകരുടെ കണക്കുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.

കര്‍ഷക സമരത്തിനിടെ മരിച്ച 403 പേരുടെ ബന്ധുക്കള്‍ക്ക് പഞ്ചാബ് ഗവണ്‍മെന്റ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകയും 152 പേര്‍ക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 100 പേരുകളുടെ ലിസ്റ്റും തങ്ങളുടെ കൈയിലുണ്ട്. ആര്‍ക്കും ഈ രേഖകള്‍ എളുപ്പത്തീല്‍ പരിശോധിക്കാനും സാധ്യമാണ്. എന്നാല്‍ അത്തരമൊരു പട്ടിക നിലവിലില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

തനിക്ക് തെറ്റ് പറ്റിയെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞതാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു. ആ തെറ്റിന്റെ ഫലമായി 700 പേരാണ് മരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവരെക്കുറിച്ച്‌ സര്‍ക്കാര്‍ കള്ളം പറയുകയാണ്. അവര്‍ക്ക് അര്‍ഹമായത് നല്‍കാനുള്ള മര്യാദ നിങ്ങള്‍ക്ക് ഇല്ലാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കര്‍ഷകര്‍ക്കായി സര്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് രൂപ ആവശ്യപ്പെടുന്നില്ലെന്നും മറിച്ച്‌ പ്രതിഷേധത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്റെ 3-4 വ്യവസായികള്‍ക്ക് വേണ്ടി മോദി എന്തും ചെയ്യുമെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നും രാഹുല്‍ തുറന്നടിച്ചു.






Related News