Loading ...

Home International

അല്‍ അഖ്‌സ കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളി ഐക്യരാഷ്ട്രസഭ

ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളി ഐക്യരാഷ്ട്രസഭ. ഇനിമുതല്‍ ഹറം ശരീഫ് എന്ന പേരില്‍ മാത്രമായിരിക്കും പ്രദേശം അറിയപ്പെടുക.പ്രദേശത്തിന്റെ പൂര്‍ണ അവകാശം മുസ്‌ലിംകള്‍ക്കുമായിരിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ടെംപിള്‍ മൗണ്ട് എന്ന പേരിലാണ് ജൂതസമൂഹം ഈ പ്രദേശത്തില്‍ അവകാശം ഉന്നയിക്കുന്നത്.

യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച 'ജറൂസലം പ്രമേയം' 11നെതിരെ 129 വോട്ടുകള്‍ക്കാണ് പാസായത്. ഫലസ്തീന്‍ അതോറിറ്റിയുടെയും വിവിധ മുസ്‌ലിം രാഷ്ട്രങ്ങളുടെയും വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് യുഎന്നില്‍ പ്രമേയത്തിന് വന്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിക്കുന്നത്.

'ഫലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാന പരിഹാരം', 'ജറൂസലം', 'സിറിയന്‍ ഗോലാന്‍' എന്നിങ്ങനെ ഫലസ്തീനും പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന പ്രമേയങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയില്‍ അംഗീകാരം ലഭിച്ചത്. പശ്ചിമേഷ്യയില്‍ സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിന് ആഹ്വാനം ചെയ്ത ആദ്യ പ്രമേയത്തില്‍ അധിനിവിഷ്ട ഫലസ്തീനിലെ ഏകപക്ഷീയമായ കൈയേറ്റങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. 1967നുമുന്‍പുള്ള ഫലസ്തീന്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും അംഗീകരിക്കരുതെന്നും അനധികൃത കുടിയേറ്റങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള സഹായവും നല്‍കരുതെന്നും ലോകരാജ്യങ്ങളോട് ആഹ്വാനവുമുണ്ട് പ്രമേയത്തില്‍.

ജറൂസലം പ്രമേയത്തിലാണ് ചരിത്രപരമായ പ്രഖ്യാപനമുള്ളത്. ജറൂസലമില്‍ തങ്ങളുടെ നിയമവും ഭരണവും സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ഏതു നീക്കവും നിയമവിരുദ്ധമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ ഹറം ശരീഫെന്നു വിളിക്കുന്ന പുണ്യസ്ഥലത്തിന്റെ നിലവിലെ ചരിത്രപരമായ സ്ഥിതി നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത 2015ലെ യുഎന്‍ രക്ഷാസമിതി പ്രമേയം ഓര്‍മിപ്പിച്ചായിരുന്നു പുതിയ പ്രമേയം. സിറിയയിലെ ഗോലാന്‍ മേഖലയിലെ ഇസ്രായേല്‍ കൈയേറ്റം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഈ മേഖലയില്‍നിന്ന് പിന്മാറണമെന്ന് പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

യുഎസ്, ഹംഗറി, ചെക്ക് റിപബ്ലിക് തുടങ്ങി 11 രാജ്യങ്ങളാണ് ജറൂസലം പ്രമേയത്തെ എതിര്‍ത്തത്. ബ്രിട്ടന്‍, ജര്‍മനി, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ് പ്രതിനിധികള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ജറൂസലമിനുമേലുള്ള ജൂത അവകാശം നിഷേധിക്കുന്ന പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിക്കുന്നത് ധാര്‍മികമായും ചരിത്രപരമായും രാഷ്ട്രീയപരമായും ശരിയല്ലെന്ന് യുഎസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി.

അതേസമയം, മൂന്ന് പ്രമേയങ്ങളെയും അംഗീകരിക്കുക വഴി മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളിലേക്ക് കൂടുതല്‍ സഹായം നല്‍കുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യുന്നതെന്ന് പൊതുസഭയില്‍ ഇസ്രായേല്‍ പ്രതിനിധി പ്രതികരിച്ചു.






Related News