Loading ...

Home Gulf

എണ്ണ ഉത്പാദനം പഴയതു പോലെ ഉയര്‍ത്തുമെന്ന് ഒപെക് രാജ്യങ്ങൾ

ലണ്ടന്‍: എണ്ണ ഉല്‍പാദനം, നേരത്തേ തീരുമാനിച്ചതു പോലെ തന്നെ മാസംതോറും നേരിയ തോതില്‍ ഉയര്‍ത്താമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ നിര്‍ണായകയോഗം തീരുമാനിച്ചു. തങ്ങളുടെ പക്കലുള്ള കരുതല്‍ ശേഖരത്തില്‍നിന്ന് എണ്ണ വിപണിയിലെത്തിക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍, ഇന്ത്യയും ചൈനയും കൊറിയയും ജപ്പാനും അടക്കം ഏതാനും രാജ്യങ്ങള്‍ തീരുമാനിച്ചതും കൊറോണ വൈറസ് 'ഒമിക്രോണ്‍' വകഭേദം ഉയര്‍ത്തുന്ന പുതിയ ആശങ്കയും യോഗം കാര്യമാക്കിയില്ല.

ഈ രണ്ടു കാരണങ്ങളാലും രാജ്യാന്തര എണ്ണവില കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ ബാരലിന് 86 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയിലിനു വില ഇന്നലെ 70 ഡോളര്‍ ആണ്. എണ്ണ വില താഴാതിരിക്കാനുള്ള പല വഴികള്‍ യോഗം ചര്‍ച്ച ചെയ്തെങ്കിലും സൗദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയ്ക്ക് അനിഷ്ടമുണ്ടാക്കുന്ന നടപടികളിലേക്കു പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനുവരിയില്‍ പ്രതിദിനം 4ലക്ഷം ബാരല്‍ അധികമായി വിപണിയിലെത്തിക്കാനാണ് നേരത്തേ ഒപെക് പ്ലസ് തീരുമാനിച്ചിരുന്നത്. ഇതി‍ല്‍നിന്നു പിന്നാക്കം പോകാന്‍ ഇന്നലെ യോഗത്തില്‍ സമ്മര്‍ദമുണ്ടായെങ്കിലും എണ്ണലഭ്യത കുറയ്ക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. കോവിഡ് കാരണം ഡിമാന്‍ഡ് കുറഞ്ഞതിനെത്തുടര്‍ന്ന് കഴി‍ഞ്ഞ വര്‍ഷമാണ് എണ്ണഉല്‍പാദനം വെട്ടിക്കുറച്ചത്.


Related News