Loading ...

Home International

ഇസ്രായേലിലെ ടെല്‍ അവീവ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം എന്ന് കേള്‍ക്കുമ്പോള്‍ പാരീസും സിം​ഗപ്പൂരുമൊക്കെയാണ് ഓര്‍ത്തെടുത്തിരുന്നതെങ്കില്‍ ഇനി പട്ടികയില്‍ ഒന്നാമന്‍ ഈ ഇസ്രായേല്‍ നഗരമാണ്.

എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ സര്‍വ്വെയില്‍ അഞ്ച് സ്ഥാനം മറികടന്ന് ടെല്‍ അവീവ് ഒന്നാമതെത്തിയത്. തൊട്ടുപിന്നിലായി പാരീസും സിം​ഗപ്പൂരും സ്ഥാനം പിടിച്ചു. സുരിച്ചും ഹോങ്കോങ്ങുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ന്യൂയോര്‍ക്കാണ് ആറാം സ്ഥാനത്ത്. ജെനീവയ്ക്ക് ഏഴാം സ്ഥാനമാണ്.

173 നഗരങ്ങളിലെ ജീവിത ചെലവുകള്‍ അമേരിക്കന്‍ ഡോളറില്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇസ്രായേല്‍ കറന്‍സിയായ ഷെകെലിന്റെ മൂല്യം വര്‍ദ്ധിച്ചതാണ് ടെല്‍ അവീവ് ഒന്നാമതെത്താനുള്ള കാരണങ്ങളിലൊന്ന്. നഗരത്തിലെ യാത്രചെലവും സാധനങ്ങളുടെ വിലയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനയും ഇതിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ പാരീസ്, സുറിച്ച്‌, ഹോങ്കോങ്ങ് എന്നീ നഗരങ്ങള്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തിരുന്നു. ഇക്കൊല്ലം കോപ്പെന്‍ഹാഗന്‍ എട്ടാമതും ലോസ് ആഞ്ചലസ് ഒന്‍പതാം സ്ഥാനത്തും ഒസാക്ക പത്താമതുമാണ്. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി ഡമാസ്കസ് തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചരക്കു വിതരണത്തെ തടസ്സപ്പെടുത്തിയെന്നും ഇത് ക്ഷാമത്തിനും ഉയര്‍ന്ന വിലയ്ക്കും ഇടയാക്കിയെന്നും എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് മേധാവി ഉപാസന ദത്ത് പറഞ്ഞു. പെട്രോള്‍ വിലയിലെ വര്‍ദ്ധനവും ഈ വര്‍ഷത്തെ സൂചികയില്‍ വ്യക്തമായി കാണാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.



Related News