Loading ...

Home National

പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറച്ച് ഡല്‍ഹി സർക്കാർ

ഇന്ധന വില കുറയ്ക്കാന്‍ നികുതിയില്‍ ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി മുപ്പത് ശതമാനത്തില്‍ നിന്നും 19.40 ശതമാനത്തിലേക്കാണ് കുറച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് പ്രെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു.

വിലക്കുറവ് ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

നിലവില്‍ ഡല്‍ഹിയിലെ പെട്രോള്‍ വില 103.97 രൂപയാണ്. ഡീസലിന് ഒരു ലിറ്ററിന് 109.98 രൂപ എന്ന നിലയിലും എത്തി നില്‍ക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ നാലിന് ശേഷം തുടര്‍ച്ചയായ 27ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യത്തെ ഇന്ധന വില ക്രമാതീതമായി ഉയരുകയും പ്രതിഷേധങ്ങള്‍ ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച്‌ കൊണ്ട് രംഗത്ത് എത്തിയത്.

അതിനിടെ, രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന. നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു.


Related News