Loading ...

Home National

പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്തംഭിച്ച്‌ പാര്‍ലമെന്‍റ്; സസ്പെന്‍ഷനിലായ എം.പിമാരുടെ സത്യാഗ്രഹം തുടങ്ങി

സസ്പെന്‍ഷന് വിധേയരായ രാജ്യസഭാ എം.പിമാര്‍ സത്യഗ്രഹം ആരംഭിച്ചു. പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം.

എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ സ്തംഭിച്ചു.

ബി.ജെ.പി സര്‍ക്കാരിനെതിരെ പുതിയ സമരമുഖം തുറന്നാണ് സസ്പെന്‍ഷനിലായ എം.പിമാര്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. 12 എം.പിമാരില്‍ ശിവസേന എം.പി അനില്‍ ദേശായി ഒഴികെ 11 പേരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. നടപടി നേരിട്ട തൃണമൂല്‍ എം.പിമാരായ ഡോളസെനും ശാന്ത ചേത്രിയും സമരത്തില്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എം.പിമാര്‍ സമരം ചെയ്യുന്ന അംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി. സസ്പെന്‍ഷന്‍ പിന്‍വലിക്കാനായി മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു.

സസ്പെന്‍ഷന്‍ പിന്‍വലിച്ചു എം.പിമാരെ തിരിച്ചെടുക്കണമെന്ന് രാജ്യസഭാ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് സഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി. പലവട്ടം ചേര്‍ന്നെങ്കിലും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.

Related News