Loading ...

Home USA

അമേരിക്കയിൽ സ്‌കൂളില്‍ വിദ്യാര്‍ത്ഥി സഹപാഠികളെ വെടിവെച്ചു; മൂന്ന് മരണം, എട്ടുപേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു.

മിഷിഗണ്‍ ഹൈസ്‌കൂളിലാണ് ദാരുണ സംഭവം അരങ്ങേറിയത്.വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വെച്ച്‌ തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

പരിക്കേറ്റവരില്‍ ഒരാള്‍ അദ്ധ്യാപികയാണ്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അമേരിക്ക അഭിമുഖീകരിക്കുന്ന പ്രത്യേക അവസ്ഥയെന്നാണ് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രേറ്റ്‌ചെന്‍ വിറ്റ്‌മെര്‍ വിശേഷിപ്പിച്ചത്.

വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രകോപനത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 14, 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 16 വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരെ ശസ്ത്രക്രിയയ്‌ക്ക് വിധേയരാക്കിയതായും മറ്റ് ആറുപേരുടെ നില ഗുരുതരമല്ലെന്നുമാണ് പോലീസ് അറിയിച്ചത്. 15 മുതല്‍ 20 തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തെന്നാണ് പോലീസ് കണ്ടെത്തല്‍.


Related News