Loading ...

Home International

വിശുദ്ധ ഖുര്‍ആനെ അവഹേളിച്ച പ്രതിയെ വിട്ടുകിട്ടണം; പാക്കിസ്ഥാനിൽ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു

വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവഹേളിച്ചെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാര്‍സദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഖുര്‍ആന്‍ അവഹേളിച്ചു എന്നാരോപിച്ച്‌ പോലീസ് ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചാര്‍സദ്ദയിലെ തങ്കി തഹസിലിലെ മന്ദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി ചാര്‍സദ്ദയില്‍ നിന്നുള്ള നിയമ മന്ത്രി ഫസല്‍ ഷക്കൂര്‍ ഖാന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ചെയ്ത വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടുകയായിരുന്നു. പോലീസ് ജനക്കൂട്ടത്തിന്റെ ആവശ്യം നിഷേധിച്ചു. വൈകുന്നേരത്തോടെ ആള്‍ക്കൂട്ടത്തിന്റെ എണ്ണം വര്‍ധിക്കുകയും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം തീകൊളുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അവര്‍ നശിപ്പിച്ചതായി മന്ത്രി പറഞ്ഞു.

പ്രതിയെ വിട്ടു നല്‍കാതെ പിരിഞ്ഞുപോകില്ലെന്നു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം കൂടുതല്‍ അക്രമാസക്തരായി. ജനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഇവിടേക്കെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു

. പ്രതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസിന് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി "അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും." എന്നും നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവിലെ ക്രമസമാധാന നില കണക്കിലെടുത്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അശുദ്ധമാക്കി എന്നാരോപിച്ച്‌ കസ്റ്റഡിയിലുള്ള ആളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ക്കെതിരായ പരാതിയെ കുറിച്ചും പൊലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി പോലീസ് കസ്റ്റഡിയിലാണെന്നും സുരക്ഷിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Related News