Loading ...

Home International

ഇസ്രായേലുമായുള്ള ജല ഊര്‍ജ പദ്ധതിക്കെതിരേ ജോര്‍ദാനില്‍ വന്‍ പ്രതിഷേധം

ജോര്‍ദാനും ഇസ്രായേലും തമ്മിലുള്ള ജല ഊര്‍ജ്ജ കരാറില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന് ആളുകള്‍ ജോര്‍ദാന്‍ തലസ്ഥാനത്ത് തെരുവിലിറങ്ങി. ഈയൊരു കരാര്‍ നടപ്പില്‍ വരുകയാണെങ്കില്‍, 27 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ച സമാധാന കരാറിന് ശേഷമുള്ള വലിയ സഹകരണ കരാറായിരിക്കും. കരാര്‍ പ്രകാരം ജോര്‍ദാനിലെ യുഎഇ സാമ്ബത്തിക സഹായത്തോടെയുള്ള സൗരോര്‍ജ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 600 മെഗാവാട്ട് വൈദ്യുതിക്ക് പകരമായി, ഇസ്രായേലില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച 200 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം (7.06 ബില്യണ്‍ ക്യുബിക് അടി) ജോര്‍ദാന് ലഭിക്കും.


ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുന്നത് തുടരുന്നതിനിടയില്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കി പ്രതിഷേധക്കാര്‍ കരാറിനെതിരെ വെള്ളിയാഴ്ച രംഗത്തുവരികയായിരുന്നു. ഇത്തരമൊരു കരാര്‍ അയല്‍രാജ്യമായ ഇസ്രായേലിനെ ആശ്രയിക്കാന്‍ ജോര്‍ദാനെ നിര്‍ബന്ധിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്; ഫലസ്തീനികള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജോര്‍ദാന്‍കാരായ തങ്ങള്‍ ഫലസ്തീനികളെ പിന്തുണക്കുന്നു. തങ്ങള്‍ ജോര്‍ദാനെ കുറിച്ച്‌ ശ്രദ്ധിക്കുന്നു. അതിനാലാണ് തങ്ങള്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് പ്രതിഷേധനെത്തിയ നസ്‌റിന്‍ അല്‍ജസീറയോട് പറഞ്ഞു.

തന്റെ മക്കള്‍ നിര്‍മിച്ച 'മനുഷ്യനാവുക' എന്ന പോസ്റ്ററുമായാണ് നസ്‌റിന്‍ പ്രതിഷേധപരിപാടിയില്‍ സംബന്ധിക്കാനെത്തിയത്.

ദുബയില്‍ നടന്ന ചടങ്ങില്‍ യുഎഇ കാലാവസ്ഥ വ്യതിയാന മന്ത്രിയുടേയും യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറിയുടെയും സാന്നിധ്യത്തിലാണ് ജോര്‍ദാന്‍ ജലമന്ത്രിയും ഇസ്രായേലിന്റെ ഊര്‍ജ്ജ മന്ത്രിയും ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചത്.


Related News