Loading ...

Home International

പെറുവില്‍ ശക്തമായ ഭൂചലനം;75 ഓളം വീടുകള്‍ തകര്‍ന്നു

ലിമ: പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ 75ഓളം വീടുകള്‍ തകര്‍ന്നു.

പത്തോളം ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 5.52നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭാവം 131 കിലോമീറ്റര്‍ വ്യാപ്തിയില്‍ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഭൂചലനത്തില്‍ ഒരു പള്ളി ഗോപുരവും തകര്‍ന്നിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകര്‍ന്നത്. അയല്‍ രാജ്യമായ ഇക്വഡോറിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. പെറുവിലെ സാന്താ മരിയ ഡി നീവയില്‍ നിന്നും 98 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിലും, രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും തടസപ്പെട്ടു. നിരവധി റോഡുകളും തകര്‍ന്നു.

ഇതാദ്യമായല്ല പെറുവില്‍ ഭൂചലനമുണ്ടാവുന്നത്. 2007 ഓഗസ്റ്റിലും പെറുവില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അന്ന് രേഖപ്പെടുത്തിയത്. അഞ്ചൂറിലധികം ആളുകള്‍ക്ക് 2007ല്‍ ജീവന്‍ നഷ്ടമായിരുന്നു.



Related News