Loading ...

Home National

ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബി ജെ പി

അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിര‌ഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സമ്ബൂര്‍ണ ആധിപത്യവുമായി ബി.ജെ.പി.

222 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞടുപ്പില്‍ 217 ലും ബി.ജെ.പി വിജയിച്ചു. സി.പി.എം മൂന്നിടത്ത് വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഐ.പി.ആര്‍.എ മോത്ത എന്നിവര്‍ ഒരു സീറ്റിലും വിജയിച്ചു. പലയിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞടുക്കപ്പെട്ടത്.

അഗര്‍ത്തലമുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ 334 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ബി.ജെ.പി 329 ഇടത്താണ് വിജയിച്ചത്. 112 ഇടങ്ങളില്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് ബി.ജെ.പിയുടെ വിജയം. 51 സീറ്റുകളും ബി.ജെ.പി നേടി. ധര്‍മനഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, തെലിയാമുറ മുനിസിപ്പല്‍ കൊണ്‍സില്‍, അമര്‍പൂര്‍ പഞ്ചായത്ത്, കോവൈ മുനിസിപ്പല്‍ കൗണ്‍സില്‍, ബെലോണിയ മുനിസിപ്പല്‍ കൊണ്‍സില്‍ തുടങ്ങിയ ഇടത്തെല്ലാം മുഴുവന്‍ സീറ്റും ബി.ജെ.പി തൂത്തുവാരി. സി.പി.എം അംപാസ പഞ്ചായത്തിലെ ഒരുവാര്‍ഡിലും കൈലാഷ് നഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലും പനിസാഗര്‍ നഗര്‍ പഞ്ചായത്തിലെ ഒരുവാര്‍ഡിലുമാണ് വിജയം നേടിയത്. അംപാസയിലെ ഒരൂവാര്‍ഡിലാണ് തൃണമൂലും വിജയിച്ചത്.

ത്രിപുരയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത് . 2018ല്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിക്ക് ആശ്വാസമായി.

Related News