Loading ...

Home Gulf

53 രാജ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സന്ദര്‍ശക വിസ അനുവദിച്ച്‌ കുവൈത്ത്

കുവൈത്ത് സിറ്റി: 53 രാജ്യക്കാര്‍ക്ക് കുവൈത്ത് ഓണ്‍ലൈനായി സന്ദര്‍ശക വിസ അനുവദിക്കും. ഇ-വിസ സംവിധാനത്തിലൂടെ ഓണ്‍ലൈനായി വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള വിദേശികളില്‍ ചില തിരഞ്ഞെടുത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവസരമുണ്ടാകും.

കണ്‍സല്‍ട്ടന്റ്, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ന്യായാധിപര്‍, പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍, സര്‍വകലാശാല അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍മാര്‍, ബിസിനസുകാര്‍, ഡിപ്ലോമാറ്റിക് കോര്‍പ്‌സ് തുടങ്ങിയവയാണ് തിരഞ്ഞെടുത്ത തസ്തികകള്‍.

മൂന്ന് ദീനാര്‍ മാത്രമാണ് വിസ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് പാസ്‌പോര്‍ട്ട് കാലാവധി ആറുമാസത്തില്‍ കൂടുതല്‍ ഉണ്ടാകണം. ടൂറിസ്റ്റ് വിസ അനുവദിച്ച്‌ ഒരു മാസത്തിനകം കുവൈത്തില്‍ എത്തിയിരിക്കണം. ഒറ്റത്തവണ പ്രവേശനത്തിന് മാത്രമാണ് അനുമതി. ടൂറിസ്റ്റ് വിസയില്‍ എത്തിയാല്‍ മൂന്ന് മാസത്തിനകം തിരിച്ചുപോകണം. അധിക ദിവസം കുവൈത്തില്‍ നിന്നാല്‍ പിഴയും നിയമനടപടികളും നേരിടേണ്ടി വരും എന്നതിന് പുറമെ ഭാവിയില്‍ വിസ ലഭിക്കാനും പ്രയാസം നേരിടും. ഏത് സമയത്തും അപേക്ഷിക്കാമെങ്കിലും പ്രവൃത്തി ദിവസങ്ങളിലാണ് പരിഗണിക്കുക.

ടൂറിസ്റ്റ് ഇ-വിസ അനുവദിച്ചോ നിരസിച്ചോ എന്ന് ഇ-മെയില്‍ വഴി അറിയിക്കും. അന്‍ഡോറ, ആസ്‌ട്രേലിയ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്‌തോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്‌വിയ, ലിച്ചെന്‍സ്‌റ്റൈന്‍, ലക്‌സംബര്‍ഗ്, മലേഷ്യ, മൊണാക്കോ, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമേനിയ, സാന്‍ മറിനോ, സെര്‍ബിയ, സിംഗപ്പൂര്‍, സ്‌ലോവാക്യ, സ്‌ലൊവീനിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ഹോങ്കോങ്, തുര്‍ക്കി, യുക്രൈന്‍, ബ്രിട്ടന്‍, അമേരിക്ക, വത്തിക്കാന്‍ എന്നിവയാണ് 53 രാജ്യങ്ങള്‍.



Related News