Loading ...

Home National

രാകേഷ്​ അസ്​താനയുടെ നിയമനം; കേന്ദ്രസര്‍ക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ്​ കമ്മീഷണറായി രാകേഷ്​ അസ്​താനയെ നിയമിച്ചതിനെതിരെയുള്ള ഹരജികളില്‍ കേന്ദ്രസര്‍ക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​.

അസ്​താനയുടെ നിയമനം ചോദ്യം ചെയ്​ത്​ രണ്ട്​ ഹർജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്​. ഇതിലൊന്ന്​ എന്‍.ജി.ഒ നല്‍കിയ പൊതുതാല്‍പര്യ ഹരജിയായിരുന്നു. അസ്​താനയുടെ നിയമനവുമായി ബന്ധപ്പെട്ട്​ ഹർജി തള്ളിയ ഡല്‍ഹി ഹൈകോടതി വിധിക്കെതിരായ സ്​പെഷ്യല്‍ ലീവ്​ പെറ്റീഷനായിരുന്നു സുപ്രീംകോടതിക്ക്​ മുന്നിലെത്തിയ മറ്റൊരു ഹർജി.

ജസ്റ്റിസ്​ ഡി.വൈ.ചന്ദ്രചൂഢ്​, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. ഹരജിക്കാരനായി ഹാജരായ പ്രശാന്ത്​ ഭൂഷണ്‍ എത്രയും ​പെ​ട്ടെന്ന്​ ഹരജിയില്‍ തീര്‍പ്പുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ടു. കേ​ന്ദ്രസര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി അസ്​താനക്ക്​ വേണ്ടിയും കോടതിയിലെത്തി. കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്​മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടു.

1984 ബാച്ച്‌​ ഗുജറാത്ത്​ കേഡര്‍ ഐ.പി.എസ്​ ഉദ്യോഗസ്ഥനായ രാകേഷ്​ അസ്​താനയെ ജൂലൈ 27നാണ്​ ഡല്‍ഹി പൊലീസ്​ കമ്മീഷണറായി നിയമിച്ചത്​. വിരമിക്കാന്‍ നാല്​ ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം. തുടര്‍ന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അസ്​താനയുടെ കാലാവധി ഒരു വര്‍ഷം നീട്ടി നല്‍കി. അസ്​താനക്ക്​ കാലാവധി നീട്ടിനല്‍കിയത്​ സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ്​ ഹരജിക്കാരുടെ വാദം.


Related News