Loading ...

Home International

ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു.ഫ്രാന്‍സിന്‍റെ വടക്കാന്‍ തീരമായ കലൈസക്ക് സമീപം ബുധനാഴ്ചയാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ച ചെറിയ ഡിങ്കി മുങ്ങിയത്.

ഫ്രാന്‍സിനും യു.കെക്കും ഇടയിലുള്ള കടലിടുക്കില്‍ ഇത്രയും അധികം ആളുകള്‍ മുങ്ങിമരിക്കുന്ന ബോട്ടുദുരന്തം ആദ്യമാണ്. കടല്‍ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടില്‍ ഇത്രയും അധികം ആളുകള്‍ കയറിയതെന്ന് മത്സ്യതൊഴിലാളി പറഞ്ഞു. കടലില്‍ ആളില്ലാത്ത ഡിങ്കിയും മൃതദേഹങ്ങളും ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യ തൊഴിലാളിയാണ് വിവരം സുരക്ഷ സേനയെ അറിയിച്ചത്.

പിന്നാലെ ഫ്രഞ്ച്-ബ്രിട്ടീസ് തീരസേന ഹെലികോപ്ടറുകളിലും ബോട്ടുകളിലും നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല. 2014നു ശേഷം ഇംഗ്ലീഷ് ചാനലില്‍ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് യു.എന്‍ ഏജന്‍സിയായ അന്താരാഷ്ട്ര അഭയാര്‍ഥി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് ബോട്ടപകടം ദുരന്തമായി പ്രഖ്യാപിച്ചു.

അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ബ്രട്ടീഷ് പ്രധാനമന്ത്രി‍ ബോറിസ് ജോണ്‍സന്‍, അഭയാര്‍ഥികള്‍ ചാനല്‍ മുറിച്ചുകടക്കുന്നത് തടയാന്‍ ഫ്രാന്‍സ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഈവര്‍ഷം 31,500 പേരാണ് ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതില്‍ 7,800 പേരെ കടലില്‍നിന്നാണ് രക്ഷപ്പെടുത്തിയത്.

Related News