Loading ...

Home International

23000 കുറ്റങ്ങള്‍, 1215 സാക്ഷികള്‍; ഈസ്റ്റര്‍ ദിന സ്ഫോടനത്തില്‍ ശ്രീലങ്കയില്‍ വിചാരണ തുടങ്ങി

2019 ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ വിഭാ​ഗങ്ങള്‍ക്കെതിരെ ന‌ടന്ന തീവ്രവാദ ആക്രമണത്തില്‍ വിചാരണ തു‌ടങ്ങി.

ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തില്‍ 267 ആളുകള്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മൂന്ന് ​ഹോട്ട‌ലുകളിലും മൂന്ന് ചര്‍ച്ചുകളിലുമായി ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

കേസില്‍ കുറ്റാരോപിതരായ 25 പേര്‍ക്കെതിരെ 23000 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1215 സാക്ഷികള്‍ വിചാരണ വേളയില്‍ ഹാജരാവും. ചാവേറാക്രമണം നടത്തിയ എ‌ട്ട് പേര്‍ അന്ന് തന്നെ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് സഹായമെത്തിക്കുകയും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത 25 പേര്‍ക്കെതിരെയാണ് വിചാരണ. ഇവരില്‍ ചിലര്‍ ചാവേറുകളു‌ടെ ബന്ധുക്കളാണ്. ഇത്രയധികം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചാര്‍ത്തിയതില്‍ പ്രതിഭാ​ഗം അഭിഭാഷകര്‍ രം​ഗത്തെത്തിയിട്ടുണ്ട്. ഇത് അസ്വഭാവികമാണെന്ന് പ്രതികളില്‍ ആറു പേരുടെ അഭിഭാഷകനായ നൂര്‍ദീന്‍ ഷഹീദ് പ്രതികരിച്ചു.

2019 ഏപ്രില്‍ 21 നാണ് ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ഈസ്റ്റര്‍ ദിനത്തിന് പള്ളികളിലെത്തിയ ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. മൂന്ന് ചര്‍ച്ചുകളും മൂന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലുമായി ബോംബുമായെത്തിയവര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.


Related News