Loading ...

Home International

ചൈനക്കെതിരെ വ്യോമ- സൈബര്‍ പ്രതിരോധ കരാറുകള്‍ ഒപ്പുവെച്ച്‌ ജപ്പാനും വിയറ്റ്നാമും

ടോക്യോ: ചൈനക്കെതിരായ സഖ്യരൂപീകരണ നീക്കം ശക്തമാക്കി ജപ്പാനും വിയറ്റ്നാമും. വ്യോമ പ്രതിരോധത്തിലും സൈബര്‍ സുരക്ഷയിലും പരസ്പര സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.

ഇന്‍ഡോ പസഫിക് മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഭീഷണിയിലാണ്. ഈ പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യമുണ്ടായാല്‍ ഇടപെടനാണ് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നതെന്ന് ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചു. ചൈനയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിഷിയുടെ വാക്കുകള്‍.

ഇതോടെ ജപ്പാനും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലെത്തിയെന്ന് ജപ്പാന്‍ വ്യക്തമാക്കി. തര്‍ക്ക മേഖലയായ സെങ്കാകു ദ്വീപുകള്‍ക്ക് സമീപത്തെ ചൈനീസ് തീരസംരക്ഷണ സേനയുടെ സാന്നിദ്ധ്യം ജപ്പാന്‍ അംഗീകരിക്കുന്നില്ല. ചൈനീസ് കപ്പലുകള്‍ തുടര്‍ച്ചയായി ജപ്പാന്റെ സമുദ്രാതിര്‍ത്തികള്‍ ലംഘിക്കുകയാണെന്നും മത്സ്യബന്ധന ബോട്ടുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ജപ്പാന്‍ ആരോപിക്കുന്നു.

ജപ്പാന്‍ അതിര്‍ത്തികള്‍ക്ക് സമീപം അടുത്തയിടെ ചൈനയും റഷ്യയും നടത്തിയ സംയുക്ത സൈനികാഭ്യാസവും ജപ്പാന്‍ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. നിലവിലെ സാഹചര്യത്തിന് വിരുദ്ധമായി അതിര്‍ത്തികളില്‍ നടക്കുന്ന ഒരു തരത്തിലുള്ള കൈയ്യേറ്റങ്ങളും വെച്ചു പൊറുപ്പിക്കില്ലെന്ന് ജപ്പാന്‍ ആവര്‍ത്തിച്ചു. ആഗോള മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സമാന ചിന്താഗതിക്കാരായ വിദേശ സുഹൃത്തുക്കളുടെ സഹകരണത്തോടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്‍ഡോ പസഫിക് മേഖലക്ക് വേണ്ടി എക്കാലവും നിലകൊള്ളാന്‍ ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


Related News