Loading ...

Home National

കോവിഡ് നഷ്ടപരിഹാരം: ഗുജറാത്ത് സര്‍ക്കാരിനു വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമം മറികടന്നു പ്രത്യേക സമിതിയെ നിയോഗിച്ച ഗുജറാത്ത് സര്‍ക്കാരിനു വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം.

മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലേയെന്നു ചോദിച്ച കോടതി, ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചു.

സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ, നഷ്ടപരിഹാര വിതരണ കാര്യത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിച്ചതാണ് ജസ്റ്റിസ് എം.എആര്‍. ഷാ അധ്യക്ഷനായ ബെ‍ഞ്ചിനെ ചൊടിപ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് അഗര്‍വാള്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി. സമിതിയെ നിയോഗിക്കാന്‍ വകുപ്പുതലത്തിലാണു തീരുമാനമെടുത്തതെങ്കിലും ഇതിനു മുഖ്യമന്ത്രിയാണ് അന്തിമാനുമതി നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. തുടര്‍ന്നാണു മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും കോടതി വിമര്‍ശിച്ചത്.

ഇംഗ്ലിഷ് അറിയാമോ, തങ്ങളുടെ ഉത്തരവു മനസ്സിലാകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. കോടതി ഉത്തരവു വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമിക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചു.പതിനായിരത്തോളം പേര്‍ മരിച്ചതായി സര്‍ക്കാര്‍ രേഖ തന്നെയുണ്ട്. പിന്നെന്താണു സംശയത്തിന്റെ പ്രശ്നമെന്നും കോടതി ചോദിച്ചു. കേസ് 29ന് പരിഗണിക്കും.

Related News