Loading ...

Home cinema

ചെമ്മീനും നീലക്കുയിലും ഇതാ ഇവിടെയുണ്ട്‌ - ജി. ജ്യോതിലാല്‍

എറണാകുളം നോര്‍ത്ത് പറവൂരിലെ വാവക്കാട്. അവിടെ അശ്വതി എന്ന വീട്ടില്‍ മലയാള സിനിമയുടെ ചരിത്രമുണ്ട്. പറവൂര്‍ഭരതനും ഭാര്യ തങ്കമണിയും. ഓര്‍മ്മയായും മറവിയായും ഒരു തിരശ്ശീലയിലെന്ന പോലെ ഈ ജീവിതകഥ തെളിയുമ്പോള്‍ മലയാള സിനിമയുടെ നന്ദിയുടെയും നന്ദികേടിന്റെയും കഥകള്‍ ഉപാഖ്യാനമായി വിടരുന്നു.

അറുപത്തൊന്നു വര്‍ഷം മുമ്പ് പുറത്തിറങ്ങി ചരിത്രമായി മാറിയ നീലക്കുയിലിലെ ജീവിച്ചിരിക്കുന്ന ഏക ഓര്‍മ്മ ഇപ്പോള്‍ തങ്കമണിയാണ്. നീലിയുടെ കൂട്ടുകാരി മാതയായി à´ˆ ചിത്രത്തില്‍ അഭിനയിച്ച, 150 ഓളം നാടകങ്ങളില്‍ വേഷമിട്ട à´ˆ കലാകാരിക്ക് പക്ഷെ പെന്‍ഷനും അംഗീകാരങ്ങളുമില്ല. ആയ കാലത്ത്് അതിന് ശ്രമിക്കാത്തത് അവരുടെ കുറ്റമാണെങ്കിലും സംഗീതനാടക അക്കാദമി പോലുള്ള സംഘടനകള്‍ക്ക് ഒരംഗീകാരം നല്‍കാന്‍ മനസ്സ് വെക്കാവുന്നതേയുള്ളൂ. 

ചെമ്മീനിന്റെ അമ്പതു വര്‍ഷം à´ˆ അടുത്ത കാലത്താണ് കൊണ്ടാടിയത്. à´† ചിത്രത്തില്‍ അഭിനയിച്ച മധുവും ഷീലയുമടക്കം പലരും ജീവിച്ചിരിപ്പുണ്ടെങ്കിലും അതില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്ത ഭരതനെ സംഘാടകര്‍ മറന്നു. സത്യനോടൊപ്പം പെണ്ണുതേടി വരുന്ന സംഘത്തില്‍ പെട്ട, കറുത്തമ്മയുടെ ചാരിത്ര്യത്തെ കുറിച്ച് ആദ്യം കൊള്ളിവാക്കു പറയുന്ന, കല്യാണത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുന്ന കഥാപാത്രം ഭരതന്റേതായിരുന്നു. പളനി വള്ളത്തിലുണ്ടെങ്കില്‍ ഞങ്ങള്‍ വള്ളത്തില്‍ പോവില്ലെന്നും പ്രഖ്യാപിക്കുന്നതും à´ˆ കഥാപാത്രമാണ്. ഒരു ഫോണ്‍കോള്‍, അല്ലെങ്കില്‍ പരിപാടിയുടെ ക്ഷണക്കത്ത്. വാവക്കാട്ടെ അശ്വതിയിലേക്ക് അതൊന്നും വന്നില്ല. 


താരസംഘടന 'അമ്മ' തുടങ്ങുന്നത് മലയാളത്തിലെ സീനിയര്‍ മോസ്റ്റ് നടനെന്ന നിലയില്‍ ഭരതനില്‍ നിന്നും 10000 രൂപ അംഗത്വം ഫീസ് സ്വീകരിച്ചുകൊണ്ടായിരുന്നു. അമ്മയുടെ കൈനീട്ടം 5000 രൂപ കിട്ടുന്നതുകൊണ്ടാണ് ഭരതനിപ്പോള്‍ മരുന്ന് വാങ്ങാന്‍ കഴിയുന്നത്. പിന്നെ സര്‍ക്കാരിന്റെ 1000 രൂപ പെന്‍ഷനും. 

മലയാളത്തിലെ 15-ാമത്തെ ശബ്ദചിത്രം മുതല്‍ വെള്ളിത്തിരയിലുള്ള നടനാണ് പറവൂര്‍ഭരതന്‍. 1951 ല്‍ രക്തബന്ധം എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ഭരതന് ശേഷമാണ് അനശ്വര നടന്‍ സത്യന്റെ ആദ്യചിത്രം പുറത്തിറങ്ങിയത്. പ്രേം നസീറിന്റെ ആദ്യചിത്രം മരുമകള്‍ ഭരതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ജീവചരിത്രത്തിലെ ചില കൗതുകസത്യങ്ങള്‍ വെറുതെ പറഞ്ഞെന്നു മാത്രം. ഇപ്പോള്‍ ഭരതന്‍ തീരെ അവശനാണ്. പ്രമേഹമാണ് പ്രധാനപ്രശ്‌നം. അതിന്റെ ഭാഗമായി ശാരീരിക സന്തുലനം നഷ്ടമാവുമ്പോള്‍ ഓര്‍മ്മകളും ചിതറിപ്പോകുന്നു. എന്നിരുന്നാലും ട്രയിന്‍ പോവും, നാളെ മദിരാശിയിലെത്താനു ള്ളതാ' തുടങ്ങി ആ ഓര്‍മ്മകളില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നത് സിനിമ മാത്രവുമാണ്. അങ്ങിനെയിരിക്കെ ആ ഓര്‍മ്മകളില്‍ എല്ലാം തെളിയും. നിഴലുപോലെ കൂടെയുള്ള മകന്‍ മധുവും ഭാര്യ തങ്കമണിയും ഓര്‍മ്മകളെ പൂരിപ്പിക്കുമ്പോള്‍ അവര്‍ക്കു പറ്റുന്ന തെറ്റുകള്‍ ഭരതേട്ടന്‍ തിരുത്തും. അങ്ങിനെയൊക്കെയായിരുന്നു ഈ മുഖാമുഖം.

നിങ്ങള്‍ രണ്ടുപേരും നാടകത്തില്‍ നിന്നും പരിചയപ്പെട്ട് സിനിമയിലെത്തിയതല്ലേ? ആ കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
മാറ്റൊലി എന്ന ഒറ്റ നാടകത്തിലേ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. അതില്‍ ഞാന്‍ പാലും ഇവള്‍ ചക്കരയുമായിരുന്നു. രണ്ട് പേരും ഒരു വീട്ടിലെ വേലക്കാര്‍. അന്ന് കണ്ട് ഇഷ്ടമായി കെട്ടിയതാണ്. 

'' പ്രേമമൊന്നുമല്ല കേട്ടോ. ആ നാടകം കഴിഞ്ഞപ്പോ അമ്മാവനെ എന്റെ വീട്ടിലേക്കയയ്ക്കുകയായിരുന്നു. ഞങ്ങളന്യേഷിച്ചപ്പോ ചെക്കനെക്കുറിച്ച് നാട്ടിലൊക്കെ നല്ല അഭിപ്രായവും കിട്ടി. അങ്ങിനെയാണ് കെട്ടിയത്. അതോടെ എന്റെ നാടകോം പോയി സിനി മേം പോയി'' തങ്കമണി കൂട്ടിചേര്‍ത്തു.

ഇത് കേട്ടപ്പോ ഒരു ക്ലൂപ്പിങ് ഓടിയെത്തി. ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീട്. ഹരികൃഷ്ണന്‍ തമിഴ്‌നാട്ടില്‍ നിന്നും കെട്ടിക്കൊണ്ടു വന്നതാണ് പവിഴത്തെ. പക്ഷെ പ്രതാപിയും കര്‍ക്കശക്കാരനും സര്‍വ്വോപരി സ്ത്രീ വിരോധിയുമായ അച്ഛനെ പേടിച്ച് പവിഴത്തെ വേലക്കാരിയാക്കി നിര്‍ത്തിയിരിക്കുകയാണ് അവിടെ. മക്കളായ ഋശ്യശൃംഗന്‍മാര്‍ക്കെല്ലാം പുതിയ വേലക്കാരി മോഹവല്ലിയായി മാറുന്നു. നമ്മുടെ കഥാനായകന്‍ കാര്യസ്ഥന്‍ പരമശിവമാണ്. പ്രായമായെങ്കിലും പരമശിവത്തിന്റെ മനസ്സും പവിഴത്തെ കണ്ടപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. 

പവിഴം തൊഴുത്തില്‍ പശുവിനെ കറക്കാന്‍ ചെന്നപ്പോള്‍ പരമശിവവും കൂടെ ചെന്നു. ''പവിഴം, കുഞ്ഞുലക്ഷ്മിക്ക് ഞാന്‍ കറക്കുന്നതാ ഇഷ്ടം ഭാഷ മാറി കറന്നാല്‍ അവള്‍ക്ക് പിടിക്കില്ല.'' 


അയാള്‍ പവിഴത്തിന്റെ കൈയിലെ വെണ്ണ വടിച്ചെടുക്കുന്നു. സ്്പര്‍ശസുഖത്തിന്റെ ഭാവലാസ്യത്തോടെ. പോവാനൊരുങ്ങുന്ന പവിഴത്തെ അയാള്‍ വിടുന്നില്ല. ''നില്‍ക്കൂ പവിഴം, ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍. നീ വേലക്കാരി. നമ്മളൊരുമിച്ച് ഒരു പശുവിനെ കറന്നെന്നു വെച്ച് ഇവിടൊന്നും സംഭവിക്കില്ല. ആരുമറിയാന്‍ പോവുന്നില്ല.-

തിയേറ്റര്‍ ഇളകി ചിരിച്ച തമാശ ഓര്‍മ്മിപ്പിച്ചിട്ടും ഭരതേട്ടന്റെ മുഖത്ത് ചിരി വിടരുന്നില്ല. ഓ അങ്ങിനെയെത്ര കഥാപാത്രങ്ങള്‍ എന്ന ചിന്തയായിരിക്കാം. പ്രവാചകനിലെ, ടെന്‍ഷന്‍ വന്നാല്‍ വയലിനില്‍ ശോകരാഗങ്ങള്‍ വായിച്ച് കണ്ണ് നിറയ്ക്കുന്ന അങ്കിള്‍, ജൂനിയര്‍ മാന്‍ഡ്രേക്കിലെ പട്ടിസ്‌നേഹിയായ മേനോന്‍, അമ്മയാണെ സത്യത്തിലെ അയ്യര്‍, ഗോഡ്ഫാദറിലെ ശുദ്ധനായ ദുഷ്ടന്‍ പരമശിവന്‍, മഴവില്‍ക്കാവടിയിലെ മീശയില്ലാ വാസു....

മീശയില്ലാ വാസുവിനെ പറ്റി പറഞ്ഞപ്പോഴാണ് സത്യന്‍ അന്തിക്കാടിനെ ഓര്‍മ്മ വന്നത്.

സത്യന്‍ അന്തിക്കാട് ഒരിക്കല്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെയുണ്ടായിരുന്നു. '' സൈറ്റുകളില്‍ നിന്ന് ഭരതേട്ടന്‍ അന്ന് കത്തെഴുതും. ഭാര്യ തങ്കമണിക്ക്. കത്തെഴുതി കൊടുക്കുക ഞാനാണ്. തന്റെ കയ്യക്ഷരം മോശമാണെന്നതാണ് കാരണം. വാചകങ്ങള്‍ പറഞ്ഞു തരും. സിനിമാ വിശേഷങ്ങളടക്കം എല്ലാം കത്തിലുണ്ടാവും. ഞാന്‍ ആറ്റിക്കുറുക്കിയെടുക്കുന്ന കത്തിന്റെ ഏറ്റവും അടിയില്‍ എന്ന് സ്വന്തം പാലിചേട്ടന്‍ എന്നെഴുതി ഒപ്പു വെക്കുക മാത്രമാണ് ഭരതേട്ടന്റെ ജോലി.'' ഈ കത്തുകളില്‍ അന്നത്തെ മദിരാശി താരജീവിതം തുടിച്ചിരിപ്പുണ്ടെന്ന സത്യന്‍ അന്തിക്കാടിന്റെ സാക്ഷ്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ചോദിച്ചു.

ഈ കത്തുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടോ?
 


മറുപടി തങ്കമണിചേച്ചിയുടേതായിരുന്നു. ''ഓ അതൊന്നും പറയണ്ട മോനേ, ഇങ്ങേരുടെ വൃത്തി കാരണം എല്ലാം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഭയങ്കര വൃത്തിക്കാരനാ, ശങ്കരാടി ചേട്ടന്‍ വൃത്തിയുള്ള കമ്മ്യൂണിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറ്. കത്തുകളെല്ലാം ഞാനൊരു പെട്ടിയിലിട്ട് സൂക്ഷിച്ചിരുന്നു. ഞാനൊരു പ്രസവത്തിന് വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴേക്കും അതെല്ലാം 'വൃത്തിയാക്കികളഞ്ഞു.' എന്തിന് ഒരു നല്ല ഫോട്ടോ പോലും ഇവിടില്ല. നസീര്‍ സാറിന്റെ കൂടെയുള്ള എത്ര ഫോട്ടോകളുണ്ടായിരുന്നു ഇവിടെ.

ചേച്ചിക്ക് നീലക്കുയിലിനു ശേഷം വേറെ സിനിമയൊന്നും കിട്ടിയില്ലേ? 


ബാല്യകാലസഖിയിലേക്കും മറ്റും വിളിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോ പിന്നെ വിട്ടില്ല.

എത്ര നാടകത്തില്‍ അഭിനയിച്ചുകാണും?
 


പത്ത്് നൂറ്റമ്പതു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടാവും. അഗസ്റ്റിന്‍ജോസഫിന്റെ നാടകങ്ങളില്‍ ആയിരുന്നു തുടക്കം, പിന്നെ പി.ജെ. ആന്റണി, ടി.ആര്‍. ഓമന, തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്, ടി എന്‍ ഗോപിനാഥന്‍നായരുടെ സഹോദരി പൂക്കാരിയിലും നല്ല വേഷമായിരുന്നു.



സിനിമയിലേക്ക് എങ്ങിനെയാണ് അവസരം കിട്ടിയത് ? 

ആ ചിത്രത്തില്‍ നീലിയുടെ അച്ഛനായി അഭിനയിച്ച അബ്ദുവില്ലേ. അദ്ദേഹമാണ് എന്നെ വിളിച്ചത്. ഒരുപാട് സീനുകളില്‍ ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലവും കിട്ടി. അന്ന് നാടകത്തില്‍ 25 രൂപ മുതല്‍ 90 രൂപവരെയായിരുന്നു കിട്ടിയിരുന്നത്. നീലക്കുയില്‍ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ശോഭനാ പരമേശ്വരന്‍നായര്‍ വിളിച്ചിരുന്നു പക്ഷെ പോ കാന്‍ പറ്റിയില്ല.

എന്നിട്ടും കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷനൊന്നും അപേക്ഷിച്ചില്ലേ?
 


ഓ കല്യാണമൊക്കെ കഴിഞ്ഞ് വേറൊരു ലോകമായി. അന്നുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോയി. ഇനി യിപ്പോ അതിന്റെയൊന്നും പുറകെ പോ വാനും വയ്യ. കാലുവേദനയും കൈയുവേദനയുമൊക്കെയായി ആവശ്യത്തിന് അസുഖങ്ങളൊക്കെ എനിക്കുമുണ്ട്.

തങ്കമണി തന്റെ നാടക ഓര്‍മ്മകളിലേക്ക് കടന്നപ്പോഴേക്കും ഭരതന്‍ ചേട്ടന്‍ ഉറക്കത്തിലേക്ക് വഴുതി പോവുന്നു. ചോദ്യം വീണ്ടും ഭരതേട്ടനിലേക്ക് കട്ട് ചെയ്തു.

പ്രേംനസീറുമായി നല്ല ബന്ധമായിരുന്നല്ലോ, ഇപ്പോ ഓര്‍മ്മയുണ്ടോ അതെല്ലാം?
 


പിന്നെ അതൊന്നും അങ്ങിനെ മറക്കാന്‍ പറ്റുന്നതല്ല. ഞാന്‍ ആദ്യം ഡ്യൂപ്പില്ലാതെയായിരുന്നു എല്ലാ സംഘട്ടനരംഗങ്ങളിലും അഭിനയിച്ചിരുന്നത്. അന്നൊക്കെ എന്നെ ചീത്ത പറയുമായിരുന്നു. കാശ് കണക്ക് പറഞ്ഞ് മേടിക്കാത്തതിനുംപറയുമായിരുന്നു. ഒടുക്കം ഒരു സിനിമയില്‍ നിന്നും സ്റ്റണ്ടിനിടയില്‍ കരണം മറിഞ്ഞ് എന്റെ കോളര്‍ബോണ്‍ പൊട്ടി. രണ്ട് കൊല്ലമാണ് ഞാനതിന്റെ വേദന തിന്നത്. അതുപോലെ ഒരു സിനിമയില്‍ ചായക്കടയില്‍ നിന്നും തിളച്ച വെള്ളം ഒഴിക്കുന്ന സീനുണ്ടായിരുന്നു. ആദ്യം പച്ചവെള്ളമാണ് സമോവറില്‍ ഒഴിച്ചതെങ്കിലും ടേക്കിനിടയില്‍ വെള്ളം ചൂടായതറിയാതെ അടൂര്‍ പങ്കജം എടുത്തൊഴിച്ചു. മുഖം പൊള്ളി കുറേ ദിവസം കിടക്കേണ്ടി വന്നു. മറ്റൊരിക്കല്‍ കെട്ടിടത്തിനു മുകളിലൂടെ നായ ഓടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു. ഒരു സായിപ്പാണ് നായയേയും കൊണ്ടു വന്നത്. അദ്ദേഹം ഒരു വടി നിലത്തിട്ടാല്‍ നായ നില്‍ക്കും അതായിരുന്നു സെറ്റപ്പ്. എന്നാല്‍ വടിയിടാന്‍ മറന്നു പോയി. നായ എന്നെ കടിക്കുകയും ചെയ്തു. നസീറിത് അറിയുമ്പോ എന്നെ ചീത്ത പറയും. ഇത് സിനിമയാണ്, അതോര്‍ക്കണം എന്നൊക്കെ പറയും. കോളര്‍ബോണ്‍ ഒടിഞ്ഞു കിടന്നപ്പോ എന്നെ സഹായിച്ചതും ആ വലിയ മനുഷ്യനാണ്. ഞാന്‍ നസീര്‍സാറേ എന്നു വിളിക്കുമ്പം ഭരതന്‍മാഷേ എന്നായിരുന്നു എന്നെ വിളിച്ചത്.

''അച്ഛന് ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം ചില ഭയം മനസ്സില്‍ കടന്നു കൂടിയതാണ് പറ്റിയത്. അല്ലാതെ വലിയ രോഗമൊന്നുമില്ല. എപ്പോഴും നടുവേദനയുണ്ടോ, വയറുവേദനയുണ്ടോ എന്നൊക്കെ സംശയം തോന്നും. അതിന്റെ പേരിലൊക്കെ പടം വേണ്ടെന്നു വെച്ചിട്ടുമുണ്ട്.'' മധു പറഞ്ഞു.

സിനിമാരംഗത്ത് നസീറിനെ പോലെ പിന്നീടാരും സൗഹൃദത്തിലായിരുന്നില്ലേ?
 


നസീര്‍ പ്രത്യേക മനുഷ്യന്‍ തന്നെയാണ്. ഞാനും നസീറും എപ്പോഴും ഒപ്പമുണ്ടായിരുന്നതുകൊണ്ട് പലരും എന്നെ നസീറിന്റെ ബോഡിഗാര്‍ഡെന്നും വിളിക്കാറുണ്ടായിരുന്നു. പിന്നീട് ബാലചന്ദ്രമേനോന്‍ ഇവിടെ വന്നിട്ടുണ്ട്. വീണ്ടും പഴയപോലെ സിനിമയിലെല്ലാം സജീവമാവാനും പറഞ്ഞു. ക്യാപ്റ്റന്‍രാജു, മനോജ് കെ ജയന്‍ എന്നിവരും കാണാന്‍ വന്നു. മാളഅരവിന്ദന്‍ മരിക്കുന്നതിന്റെ രണ്ടു മാസം മുമ്പ് വന്ന് കുറേനേരം സംസാരിച്ചിരുന്നു.

ഈ ഒരു കൂട്ടായ്മയും സൗഹൃദവും നഷ്ടമായതാണോ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം?
 


അതല്ല സിനിമയുടെ രീതികള്‍ മാറിയതാണ് പ്രധാനപ്പെട്ട ഒരു കാരണം.


ആദ്യകാലത്തൊക്കെ എന്റെ കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞ് സംവിധായകരോ നിര്‍മ്മാതാക്കളോ നേരിട്ടാണ് ബുക്ക് ചെയ്തിരുന്നത്. പിന്നീട് ലൊക്കേഷിനില്‍ നിന്ന് ഏതെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ചേട്ടാ ഒരു ദിവസത്തെ ഒരു വര്‍ക്കുണ്ട് എന്തു തരണം എന്ന രീതിയിലൊക്കെ ചോദിക്കാന്‍ തുടങ്ങിയപ്പോ ഒരു മടുപ്പു തോന്നി. പിന്നെ ഒന്നു വീണു. ഓരോരോ അസുഖങ്ങള്‍ തലപൊക്കി. അങ്ങിനെ സിനിമകള്‍ വേണ്ടെന്നു വെച്ചതാണ്.

ഇവിടെ മറ്റൊരു സിനിമ ക്ലൂപ്പിങ് കാണാം. ഡോ ബാലകൃഷ്ണന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം കുറുക്കന്റെ കല്യാണം. ഒരു കൂട്ടം മരുന്നുകളുമായി കഴിയുന്ന ശങ്കരന്‍നായരെ ഓര്‍മ്മയില്ലേ. ഇല്ലാത്ത തരം രോഗങ്ങളും കുറിപ്പടികളുമായി കഴിയുന്ന കഥാപാത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിങിനു പോയപ്പോള്‍ ഭരതന്‍ സംവിധായകനോട് ചോദിച്ചു. ഇത് എന്നെ കണ്ടുകൊണ്ട് എഴുതിയതാണല്ലേ?

അവസാനമായി അഭിനയിച്ച ചിത്രം ഏതായിരുന്നു?
 


സി.ഐ.ഡി മൂസ. അതില്‍ ഭാവനയുടെ മുത്തച്ഛനായിട്ടായിരുന്നു. പിന്നെ ചിലരൊക്കെ വിളിച്ചിരുന്നു വേണ്ടെന്നു വെച്ചതാണ്.

ഇപ്പോള്‍ വിളിച്ചാല്‍ അഭിനയിക്കാന്‍ പോവുമോ?
 


പുറത്തെ കത്തുന്ന വെയിലിലേക്ക് നോക്കി ഭരതന്‍ പറഞ്ഞു. ഇപ്പോ ഭയങ്കര വെയിലല്ലേ. പക്ഷെ ക്യാമറ ഓണായാല്‍ അതൊന്നും പ്രശ്‌നമല്ല. ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ എല്ലാം മറക്കുമെന്നാണ് ധ്വനി. പക്ഷെ വീണ്ടുമൊരു അഭിനയം സാധിക്കുമെന്നു തോന്നുന്നില്ല. സോഡിയവും പഞ്ചസാരയും ശരീരത്തിന്റെ താളം തെറ്റിക്കുമ്പോള്‍,ഓര്‍മ്മകള്‍ ഇടറുമ്പോള്‍ എങ്ങിനെ അഭിനയിക്കും. പക്ഷെ സിനിമാരംഗത്തു നിന്നും ആരെങ്കിലും ഇടയ്ക്ക് കാണാന്‍ വന്നാല്‍, സംസാരിക്കാനുണ്ടെങ്കില്‍ അത് ഒരു ഊര്‍ജ്ജമാണ്.

''ഇപ്പോ തന്നെ നിങ്ങള്‍ വന്ന് ഇത്രയും സംസാരിച്ചപ്പോ പണ്ട് പറയാത്ത ചില കാര്യങ്ങള്‍ കൂടി ആ ഓര്‍മ്മയില്‍ തെളിയുന്നത് കണ്ടില്ലേ.'' മധു പറഞ്ഞു. മധുവിനെ കൂടാതെ പ്രദീപ്, അജയന്‍, ബിന്ദു എന്നിങ്ങനെ മൂന്നു മക്കളു കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

ഒരു ചെറിയ ഫോട്ടോഷൂട്ടിനായി വരാന്തയിലേക്ക് കൈ പിടിച്ചുകൊണ്ടു വന്നപ്പോള്‍, ക്യാമറയുടെ ഷട്ടറുകള്‍ തുറന്നടയുമ്പോള്‍ ആ മുഖം വീണ്ടും പ്രസന്നമായി. ഇടയ്ക്ക് അറിയാതെ ഉറക്കം വരുന്നതുപോലെ. ഞാനൊന്നു കിടക്കട്ടെ എന്നും പറഞ്ഞ് മലയാളസിനിമയിലെ അഭിനേതാക്കളുടെ ഈ കാരണവര്‍ അകത്തേക്ക് പോയി. വീഴാതിരിക്കാനായി ചുമരില്‍ പിടിപ്പിച്ച കമ്പിയില്‍ പിടിച്ച് മെല്ലെ മെല്ലെ. ''മധുവേ..'' മുറിയിലെത്തുമ്പോഴേക്കും വിളിക്കുന്നതും കേട്ടു. ''ഇപ്പോഴും ഇങ്ങനെയാ. മധുവേ.. മണിയേ'' എന്നു വിളിച്ചുകൊണ്ടിരിക്കും. മധുവിന് അതു കാരണം എങ്ങും പോകാനേ പറ്റാറില്ല''. തങ്കമണി ചേച്ചി പറഞ്ഞു. ക്യാമറ ബാഗിലാക്കി പുറത്തിറങ്ങും മുമ്പ് ഒരിക്കല്‍ കൂടി അകത്തേക്ക് പോ യപ്പോഴേക്കും ഭരതേട്ടന്‍ ഉറങ്ങി കഴിഞ്ഞിരുന്നു. വൃത്തിയുള്ള മെത്തയില്‍ ചുറ്റും തലയിണകള്‍ വെച്ച് ഒരു കൊച്ചുകുഞ്ഞിനെപോലെ...


Related News