Loading ...

Home Kerala

കെ-റെയില്‍ കല്ലിടല്‍ ഏറ്റുമുട്ടലിലേക്ക്; രാത്രിയില്‍ ഒളിച്ചെത്തി വീട്ടുപറമ്പുകളില്‍ സര്‍വേ കല്ലിട്ടു

തൃശ്ശൂര്‍: കെ-റെയില്‍ പദ്ധതിയുടെ അതിരു കല്ലിടല്‍ ഏറ്റുമുട്ടലിലേക്ക്. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി.

ജനങ്ങളെ വെല്ലുവിളിച്ചുള്ള നടപടികളിലൂടെ സര്‍ക്കാര്‍ ഗുണ്ടായിസമാണ് ചെയ്യുന്നത്. ജനങ്ങളെ ആശങ്കയിലാക്കിയുള്ള നിയമ വിരുദ്ധ അതിരു കല്ലിടല്‍ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്താനെന്ന പേരില്‍ ആളൊഴിഞ്ഞ പറമ്ബുകളിലും മറ്റും സ്ഥലമുടമയെ അറിയിക്കാതെ രാത്രിയിലെത്തിയാണ് അതിരു കല്ലിടുന്നത്.

കൂര്‍ക്കഞ്ചേരി വില്ലേജില്‍ സോമില്‍ റോഡ് ഭാഗത്ത് റെയില്‍വേ ലൈനിനോടു ചേര്‍ന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കല്ലിട്ടിട്ടുള്ളത്. സ്ഥല ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും സംഭവമറിഞ്ഞ് അന്വേഷിച്ച്‌ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കൂര്‍ക്കഞ്ചേരി ഭാഗത്ത് 12 വീടുകളിലും പൂങ്കുന്നത്ത് അഞ്ചും കെ റെയില്‍ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പാടത്തും മറ്റുമായി ശ്രദ്ധയില്‍പ്പെടാത്ത ഇടങ്ങളില്‍ കല്ലിട്ടിട്ടൂണ്ടൊയെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതു മാറ്റാനാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനം.

തൃശൂൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ആറ് ഡിവിഷനുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 35 വില്ലേജുകളിലൂടെയാണ് കെ റെയില്‍ കടന്നുപോകുന്നത്. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ കല്ലിടുന്ന സമയത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ഇക്കാരണത്താലാവാം സ്ഥലമുടകള്‍ അറിയാതെ രാത്രിയിലെത്തി കല്ലിട്ടതെന്നാണ് കെ റെയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കെറെയില്‍ അധികൃതര്‍ നിയമവിരുദ്ധമായി ചെയ്യുന്ന അതിരു കല്ലിടല്‍ സ്ഥാപിക്കല്‍ നടപടികള്‍ തടയുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

പദ്ധതിയുടെ മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് 14 മാസവും സാമൂഹിക ആഘാത പഠനത്തിന് മൂന്ന് മാസവുമാണ് അനുവദിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ടുകള്‍ പദ്ധതി നടപ്പാക്കുന്നതിന് അനുവാദമാണെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ പാടുള്ളൂ. അതിനിടെ റവന്യൂ അധികാരികളുടെ ഒത്താശയോടെ കെആര്‍ഡിസിഎല്‍ കമ്ബനിയുടെ പേര് ആലേഖനം ചെയ്ത അതിരു കല്ലുകള്‍ സ്വകാര്യ ഭൂമിയിലും സര്‍ക്കാര്‍ വക ഭൂമിയിലും സ്ഥാപിക്കുന്നത് നിയമ വിരുദ്ധമായ നടപടിയാണ്.

അതിരു കല്ലിടല്‍ നടപടിയ്ക്ക് വന്‍ പോലീസ് സന്നാഹം ഒരുക്കി പോലീസ് രാജ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനങ്ങള്‍ക്ക് അടിസ്ഥാനമാക്കേണ്ട വിശദ പഠന രേഖ (ഡിപിആര്‍) ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുമ്ബ് പൊതുജനങ്ങള്‍ക്കും റവന്യൂ-തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഡിപിആര്‍ നല്‍കിയില്ലെങ്കില്‍ പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ സഹകരിക്കില്ല. പഠനങ്ങളുടെ മറവില്‍ നിയമവിരുദ്ധമായി അതിരു കല്ലിടല്‍ നടപടികള്‍ തുടര്‍ന്നാല്‍ ശക്തിയായി ചെറുക്കും.ബിജെപിയും കോമ്ഗ്രസും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇടതുപക്ഷ അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്.


Related News