Loading ...

Home National

കനത്ത മഴയും വെള്ളപ്പൊക്കവും; തിരുപ്പതിയില്‍ കുടുങ്ങി നൂറുകണക്കിന് തീര്‍ത്ഥാടകര്‍

തിരുപ്പതി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് തിരുപ്പതിയിലെത്തിയ തീര്‍ത്ഥാടകര്‍.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെങ്കടേശ്വര ഭഗവാന്റെ ആസ്ഥാനമായ തിരുമലയില്‍ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് ഒറ്റപ്പെട്ടത്. ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും നിരവധി ഭക്തര്‍ കുടുങ്ങിയിരിക്കുകയാണ്.നാല് മാട തെരുവുകളും, (തിരുമലയിലെ പ്രധാന ക്ഷേത്രത്തെ ബന്ധിപ്പിക്കുന്നവ)വൈകുണ്ഡം നിലവറകളും വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കം മൂലം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഭഗവാന്റെ ദര്‍ശനവും നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും പ്രതിഷ്ഠാവിഗ്രഹം മുങ്ങുകയും ചെയ്തു.കുടുങ്ങിപ്പോയ തീര്‍ത്ഥാടകര്‍ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥര്‍ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേയ്ക്കുള്ള രണ്ട് ചുരങ്ങള്‍ അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലിപ്പിരിയില്‍ നിന്നുള്ള കാല്‍നടപ്പാതയും അടച്ചിരിക്കുകയാണ്.മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ചിറ്റൂര്‍ ജില്ലാ കളക്ടര്‍ എം ഹരി നാരായണനുമായി സംസാരിച്ച്‌ സാഹചര്യങ്ങള്‍ വിലയിരുത്തി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളെ വിന്യസിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും സാഹചര്യത്തിനനുസരിച്ച്‌ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related News