Loading ...

Home National

മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി ഗുരുദ്വാരകളില്‍ സ്ഥലം വാഗ്ദാനം ചെയ്ത് ഗുരുഗ്രാമിലെ സിഖ് സമൂഹം

മുസ്ലീങ്ങള്‍ക്ക് ജുമാ നമസ്‌ക്കാരം നടത്താന്‍ ഗുരുദ്വാരകളില്‍ സ്ഥലം നല്‍കി നഗരത്തിലെ സിഖ്  സമൂഹം.
ഒരു ഹിന്ദുമതവിശ്വാസി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനയ്ക്കായി നല്‍കാന്‍ മുന്നോട്ടു വന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. എല്ലാ വിഭാഗക്കാരെയും പ്രാര്‍ത്ഥന നടത്താന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര ഗുരു സിങ് സഭ അറിയിച്ചു. മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വരികയാണെങ്കില്‍ഗുരുദ്വാരകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാമെന്നും സഭ പറഞ്ഞു.

എല്ലാ മതവിശ്വാസികളെയും പ്രാര്‍ത്ഥനയ്ക്കായി തങ്ങളുടെ സ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ഗുരുദ്വാര ഗുരു സിംഗ് സഭയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സന്ധു പറഞ്ഞു. ''മുസ്ലീം സമൂഹം സ്ഥലപരിമിതി മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു, അതിനാല്‍ അവര്‍ക്ക് ഞങ്ങളുടെ അഞ്ച് ഗുരുദ്വാരകളുടെ പരിസരം വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാം. എല്ലാ മതങ്ങളും ഒന്നാണ്. ഞങ്ങള്‍ക്ക് മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വസിക്കുന്നു'', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി വലതുപക്ഷ സംഘടനകള്‍ ഗുരുഗ്രാമിലെ തുറസായ സ്ഥലങ്ങളില്‍, പ്രത്യേകിച്ച്‌ സെക്ടര്‍ 12 ല്‍ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ നമസ്‌ക്കാരം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒക്ടോബര്‍ 29 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ച 35 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്ലീം സമുദായത്തിന്റെ പ്രതിനിധികള്‍ സെക്ടര്‍ 12 ല്‍ നിന്ന് സ്ഥലം മാറാന്‍ സമ്മതിക്കുകയും ബദല്‍ സ്ഥലം അനുവദിക്കണമെന്നും വഖഫ് ബോര്‍ഡിന്റെസ്വത്തുക്കളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ അടച്ചിട്ട സ്ഥലങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നമസ്‌ക്കരിക്കുന്നതിന് പൊലീസ് സംരക്ഷണം തേടുകയുണ്ടായി.

ദൈവത്തിന്റെ ഏകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എല്ലാവരെയും സഹായിക്കാന്‍ സിഖ് സമൂഹം എപ്പോഴും തയ്യാറാണെന്നും സഭയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെപി സിംഗ് പറഞ്ഞു. എല്ലാവരെയും അവരുടെ വിശ്വാസമനുസരിച്ച്‌ ഗുരുദ്വാര പരിസരത്ത് പ്രാര്‍ത്ഥിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News