Loading ...

Home USA

അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിവയ്പ്പ്; മലയാളി കൊല്ലപ്പെട്ടു

മെസ്‌കിറ്റ്(ഡാലസ്): ഡാലസില്‍ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി - 56) ആണ് കൊല്ലപ്പെട്ടത്.

അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉച്ചയ്ക്ക് 1.40 ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ സാജനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌ അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു സാജന്‍. ഡാലസിലെ മലയാളി സമൂഹത്തിലാകെ സാജന്റെ മരണം ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്.







Related News