Loading ...

Home National

മധ്യപ്രദേശിൽ പൊലീസ്​ ലാത്തി ചാര്‍ജില്‍ പത്ത്​ മാസം പ്രായമുള്ള കുഞ്ഞിന്​ ദാരുണാന്ത്യം

റാംനഗര്‍ ഗഡായി (മധ്യപ്രദേശ്): ദലിത്​ കര്‍ഷക കുടുംബത്തിലെ പത്ത്​ മാസം പ്രായമായ കുഞ്ഞിനെ പൊലീസ്​ ലാത്തി കൊണ്ടടിച്ച്‌​ കൊലപ്പെടുത്തിയതായി കുടുംബം.

മധ്യപ്രദേശ്​ നര്‍വാര്‍ തെഹ്‌സിലിലെ വിദൂര ഗ്രാമമായ രാംനഗര്‍ ഗഡായിയിലാണ്​ സംഭവം.

ഗ്രാമത്തിലെ മലിനജലം ഒഴുക്കി വിടാന്‍ കാനകള്‍ നിര്‍മിക്കുന്നതിന്‍റെ ഭാഗമായി നടന്ന തര്‍ക്കങ്ങളാണ്​ പൊലീസ്​ ഇടപെടലിലും കുഞ്ഞിന്‍റെ മരണത്തിനും കാരണമായത്​. ശിവപുരി ജില്ലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ്​ ഗ്രാമം. പുതിയ കാന പണിതിരിക്കുന്നത്​ തങ്ങളുടെ കൃഷിയിടത്തിലേക്ക്​ മലിന ജലം ഒഴുകിയെത്തുന്ന തരത്തിലാണെന്ന്​ ആരോപിച്ച്‌​ കുടുംബത്തിലെ അശോക്​ എന്നയാള്‍ പരാതിപ്പെട്ടിരുന്നു.ഇതാണ്​ സംഭവത്തിന്‍റെ തുടക്കം. ഗ്രാമത്തിലെ പ്രധാന പാതയോരത്താണ്​ ജാതവരായ ഇവരുടെ വീട്​. അശോകിന്​ മൂന്ന്​ സഹോദരങ്ങളാണ്​. ദയാറാം ജാതവ്, കല്ലറം ജാതവ്, ഹരുറാം ജാതവ് എന്നിവര്‍ അടുത്തടുത്തുള്ള ചെറിയ വീടുകളിലാണ്​ താമസിക്കുന്നത്​. മൂന്ന് തലമുറകളിലായി കുടുംബത്തില്‍ ആകെ 45 അംഗങ്ങളുണ്ട്. എല്ലാവരും കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. 100 മീറ്റര്‍ അകലെയാണ് ഇവരുടെ കൃഷിയിടങ്ങള്‍. ജാതവ് കുടുംബവും പൊലീസും തമ്മിലുള്ള സംഘര്‍ഷം നവംബര്‍ ആദ്യ ആഴ്ച മൂര്‍ച്ഛിച്ചിരുന്നു.

കാന നിര്‍മാണം തടഞ്ഞതിന്​ പൊലീസ്​ എത്തി ഇവരെ ലാത്തിച്ചാര്‍ജ്​ നടത്തി തുരത്താന്‍ ശ്രമിച്ചു. സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ 10 മാസം പ്രായമുള്ള ശിവ എന്ന കുഞ്ഞിനും ലാത്തിയടിയേറ്റതായും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ്​ മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട്​ പറഞ്ഞു. ഞങ്ങള്‍ ഒരുപാട് അനീതി നേരിട്ടിട്ടുണ്ട്.

ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല -ശിവയുടെ മുത്തച്ഛന്‍ 70കാരനായ ദയാറാം ജാതവ് മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. ഞങ്ങളുടെ കൃഷിയിടത്തിന് തൊട്ടുമുമ്ബ് ഒരു കലുങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. അത് ഗ്രാമത്തില്‍ നിന്ന് ഞങ്ങളുടെ ഭൂമിയിലേക്ക് വെള്ളത്തെ തിരിച്ചുവിടും -ശിവയുടെ അച്ഛന്‍ അശോക് പറയുന്നു. ഇത് യഥാര്‍ത്ഥ നിര്‍മ്മാണ പദ്ധതിയില്‍ ഇല്ലായിരുന്നു. അധികൃതര്‍ അംഗീകരിച്ച ഡ്രോയിംഗില്‍ ഇത്തരമൊരു കലുങ്ക് ഇല്ലെന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് റോഡ് നിര്‍മാണത്തിന്‍റെ ചുമതലയുള്ള കരാറുകാരനും ഞങ്ങളെ അറിയിച്ചിരുന്നു.

കുറച്ച്‌ ഗ്രാമവാസികള്‍ ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിര്‍മ്മിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായിരുന്നു. ഇത് തങ്ങളെ ബാധിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും അശോക് പറഞ്ഞു. കരാറുകാരനുമായുള്ള സന്ധി സംഭാഷണത്തില്‍ ഞങ്ങളുടെ ഭൂമിക്ക് ദോഷം വരാതിരിക്കാന്‍ ഒരു പരിഹാരം കാണാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ക​ൃഷിയിടം അഴുക്കുചാലായി മാറും. അതിനാലാണ്​ മാറ്റംആവശ്യപ്പെട്ടത്​. ജാതവ് കുടുംബവുമായി ദീര്‍ഘകാലമായി ശത്രുത പുലര്‍ത്തിയിരുന്ന അയല്‍വാസിയായ മല്‍ഖന്‍ നായികിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് കലുങ്ക് നിര്‍മ്മിക്കുന്നതെന്ന് കരാറുകാരന്‍ തന്നോട് പറഞ്ഞതായി അശോക് പറയുന്നു.

ഞങ്ങള്‍ കരാറുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍, മല്‍ഖനും ബന്ധുക്കളും ലാത്തികളും വടികളുമായി സ്ഥലത്തെത്തി അസഭ്യം പറയാന്‍ തുടങ്ങി. തരിശുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിക്ക് മുന്നില്‍ അല്‍പം മാറി കലുങ്ക് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കലുങ്ക് പണിയുന്നതിനുപകരം, റോഡിന്‍റെ ഇരുവശത്തും ഒരു അഴുക്കുചാല് കുഴിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു, അങ്ങനെ അഴുക്കുവെള്ളം നമ്മുടെ ഭൂമിയിലേക്ക് ഒഴുകുന്നില്ല. എന്നാല്‍ രേഖാമൂലം പരാതി നല്‍കാന്‍ അവര്‍ എന്നോട് പറഞ്ഞു -അശോക് കൂട്ടിച്ചേര്‍ത്തു.

പരാതി എഴുതുന്നതിനിടെ മൂന്ന് പൊലീസ് വാഹനങ്ങള്‍ എത്തിയെന്നും ഉടന്‍ തന്നെ ഭൂമി കുഴിക്കുന്നതിന് അധികൃതര്‍ ഉത്തരവിട്ടതായും അശോക് പറയ​ുന്നു. ബഹളം കേട്ട് സമീപത്തെ വയലില്‍ നെല്ല് കൊയ്യുകയായിരുന്ന അശോകിന്‍റെ കുടുംബത്തിലെ സ്ത്രീകള്‍ - അശോകിന്‍റെ ഭാര്യ ഉള്‍പ്പെടെ സ്ഥലത്ത് എത്തി. ഡ്രോയിംഗില്‍ കലുങ്ക് അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി തഹസില്‍ദാരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവര്‍ അത് അവഗണിച്ച്‌ നിര്‍മ്മാണം തുടരാന്‍ ഉത്തരവിട്ടു. ഞങ്ങള്‍ക്കൊപ്പം സ്ത്രീ കുടുംബാംഗങ്ങളും നിര്‍മ്മാണത്തെ എതിര്‍ത്തു തുടങ്ങി. തഹസില്‍ദാര്‍ അവരുടെ കാറിനടുത്തേക്ക് പോയി.

തുടര്‍ന്ന്​ പൊലീസ്​ ലാത്തിച്ചാര്‍ജ്​​ നടത്തി. കുഞ്ഞിന്‍റെ അമ്മയായ അശോകിന്‍റെ ഭാര്യ വന്ദന കടുത്ത രോഗ ബാധിതയാണ്​. കുഞ്ഞുമായി വയലില്‍ നില്‍ക്കുകയായിരുന്ന താന്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും ​പൊലീസ്​ തല്ലുന്നത്​ കണ്ടാണ്​ സംഭവ സ്​ഥലത്തേക്ക്​ എത്തിയതെന്ന്​ വന്ദന പറയുന്നു. അവര്‍ എന്‍റെ കാല്‍ അടിച്ചൊടിച്ചു. എന്‍റെ കുഞ്ഞിനെ തലങ്ങളും വിലങ്ങൂം അടിച്ചു. ഞാന്‍ ബോധംകെട്ടു വീണപ്പോള്‍ ഭര്‍ത്താവ് എന്‍റെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി. എനിക്ക് ബോധം വന്നപ്പോള്‍, 'കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകൂ എന്ന നിലവിളികളാണ്​ കേട്ടത്​ -വന്ദന പറയുന്നു. കുഞ്ഞ്​ ചോരവാര്‍ന്നാണ്​ മരിച്ചത്​. ഉടന്‍ തഹസില്‍ദാറുടെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാല്‍ കുഞ്ഞിന്‍റെ മരണത്തെക്കുറിച്ച്‌​ വിചിത്രമായ വിവരങ്ങളാണ്​ പൊലീസ്​ പറയുന്നത്​. കുഞ്ഞ്​ ഗുരുതര ഹൃദയ രോഗത്തിന്‍റെ അടിമയായിരുന്നെന്നും കുഞ്ഞിന്‍റെ മൃതദേഹം വെച്ച്‌​ വിലപേശാനാണ്​ കുടുംബം ശ്രമിക്കുന്നതെന്നും പൊലീസ്​ പറയുന്നു. മറ്റുള്ളവര്‍ക്കെതിലെ എസ്​.സി-എസ്​.ടി നിയമ പ്രകാരം കേസുകള്‍ കൊടുത്തിട്ട്​ വന്‍ തുക ഒത്തു തീര്‍പ്പിനായി കൈപ്പറ്റുന്നത്​ കുടുംബത്തിന്‍റെ സ്​ഥിരം പരിപാടിയാണെന്നും പൊലീസ്​ പറഞ്ഞു. പൊലീസിനെതിരെ ആരോപണം ഉന്നയിക്കാന്‍ കുഞ്ഞിനെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന്​ ​കൊലപ്പെടുത്തിയതായും പൊലീസ്​ ഗുരുതര ആരോപണം ഉന്നയിക്കുന്നു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ പൊലീസ്​ കേസും രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​.

Related News