Loading ...

Home National

ലഖിംപൂര്‍ കേസ്; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിന് ചുമതല

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയുടെ അന്വേഷണ മേല്‍നോട്ടത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാര്‍ ജയിനിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി.

പ്രത്യേക അന്വേഷണ സംഘത്തെ പുന:സംഘടിപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യാക്ഷനായ ബെഞ്ച് ഉത്തരവിറക്കി.

കേസ് വിരമിച്ച ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷിക്കുമെന്നും സുപ്രീംകോടതി വ്യകതമാക്കി.എസ് ബി ശിരോദ് കുമാര്‍, ദീപീന്ദര്‍ സിങ്, പദ്മജാ ചൗഹാന്‍ എന്നീ ഉത്തര്‍പ്രദേശിന് പുറത്തുനിന്നുളള ഐപിഎസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിന് ഉത്തര്‍പ്രദേശിന് പുറത്തുളള അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിന്റെ പേര് നേരത്തെ തന്നെ സുപ്രീംകോടതിയുടെ പരിഗണയിലുണ്ടായിരുന്നു.
കേസില്‍ യുപി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ മുതിരുന്നത് എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞിരുന്നു.
സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നത്. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പതമായ സംഭവം നടന്നത്. നാല് കര്‍ഷകര്‍ക്ക് പുറമെ ഒരു മാധ്യമ പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഹനം ഇടിച്ച്‌ കയറ്റിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ 68 സാക്ഷികളാണ് ഉള്ളത്. സാക്ഷികളില്‍ 23 പേര്‍ സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Related News