Loading ...

Home National

വെള്ളം ഇറങ്ങും മുന്‍പ് അടുത്ത ന്യൂനമര്‍ദ്ദം; ചെന്നൈയില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരത്തേക്ക് നീങ്ങുന്നവെന്ന് ഉറപ്പായതോടെ വീണ്ടും പ്രളയ ഭീതിയില്‍ ചെന്നൈ.

ഇത് ചെന്നൈയെ കൂടാതെ കാഞ്ചീപുരം, ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്കു കാരണമാകും.

ഇന്നു കനത്ത മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. നാളെ നഗരത്തില്‍ അതിതീവ്ര മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.

വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, വിഴുപ്പുറം, മയിലാടുതുറ തുടങ്ങിയ ജില്ലകളിലും കനത്ത മഴയുണ്ടാകും. 18 മണിക്കൂര്‍ അതീവ ജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ കനത്ത മഴയില്‍ മുങ്ങിപ്പോയ പല ഭാഗങ്ങളും ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. മഴ കനത്താല്‍ വീണ്ടും പ്രളയം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. അതോടൊപ്പം വെള്ളം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ബാര്‍ഗറിലുണ്ടായ മണ്ണിടിച്ചില്‍, 32 ഗ്രാമങ്ങളുമായുള്ള നഗരത്തിന്റെ ബന്ധം വിച്ഛേദിച്ചു. കന്യാകുമാരിയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും കനത്ത മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

രണ്ടാഴ്ച തുടര്‍ച്ചയായി പെയ്ത മഴയ്ക്കു ശമനമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മാത്രമാണ്. മഴ കുറഞ്ഞിട്ടും നഗരത്തിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ കുറയ്ക്കാന്‍ ദിവസങ്ങളെടുത്തു. വീടുകളില്‍ അടക്കം കയറിയ വെള്ളമൊഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും പെടാപ്പാടുപെടുന്നതിനിടയിലാണ് പുതിയ ന്യൂനമര്‍ദ്ദമെത്തുന്നത്.

Related News