Loading ...

Home USA

കശ്മീര്‍ അശാന്തം, സന്ദര്‍ശനം ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് യുഎസ് മുന്നറിയിപ്പ്. ഇന്ത്യ-പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് നിലവില്‍ യാത്ര ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിരിക്കുന്നത്.


തിങ്കളാഴ്ചയാണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയത്.

അതേസമയം, കശ്മീര്‍ അശാന്തമായി തന്നെ തുടരുകയാണ്. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. പല്‍ഹലന്‍ പട്ടാന്‍ മേഖലയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു.

ആക്രമത്തില്‍ രണ്ട് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ജവാന്മാര്‍ക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

നേരത്തെ, യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്താനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തിയായി എതിര്‍ക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചിരുന്നു.

Related News