Loading ...

Home National

പട്ടിണി മരണങ്ങളുണ്ടാവരുത്; സാമൂഹ്യ അടുക്കള നയം തയ്യാറാക്കുന്നതില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

രാജ്യത്ത് ഒരാളും പട്ടിണി മൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി.
രാജ്യത്ത് സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ഇത് അവസാന താക്കീതാണ്, സാമൂഹ്യ അടുക്കള സംബന്ധിച്ച്‌ മൂന്നാഴ്ചയ്ക്കകം നയം രൂപീകരിക്കണം. നേരത്തെ ഈ രീതി നടപ്പാക്കിയ സംസ്ഥാന സര്‍ക്കാറുകളുടെ മാതൃക പരിഗണിച്ചാണ് കോടതിയുടെ അന്ത്യ ശാസനം. വിഷയത്തില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന് വേണ്ടി അണര്‍സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് അഭിപ്രായം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിങ്ങള്‍ ഒരു നയം രൂപീകരിക്കുന്നത് പരിഗണിക്കുന്നു എന്ന് ഈ സത്യവാങ്മൂലത്തില്‍ പറയുന്നില്ല. സാമുഹ്യ അടുക്കള സംബന്ധിച്ച്‌ ഇന്ത്യ സര്‍ക്കാറിന്റെ ഒരു ഏകീകൃത മാതൃകയാണ് കോടതിയ്ക്ക് വേണ്ടത്. പക്ഷേ നിങ്ങള്‍ പൊലീസ് പറയുന്നത് പോലെ പരിശോധിക്കുന്നു, അന്വേഷിക്കുന്നു എന്നിങ്ങനെ ഒഴുക്കന്‍ മറുപടികള്‍ നല്‍കുകയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇത്തരം കമ്യൂണിറ്റി അടുക്കളകള്‍ നിലവിലുണ്ട്. അത്തരം മാതൃകകള്‍ പരിഗണിക്കാവുന്നതാണ്. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മുലങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നാലെയായിരുന്നു കേന്ദ്രത്തിന് അന്ത്യശാസനം എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് നിലപാട് കടുപ്പിച്ചത്.

'ഇത് ഗവണ്‍മെന്റിന് നല്‍കുന്ന അവസാന മുന്നറിയിപ്പാണ്. ഒരു സുപ്രധാനമായ വിഷയത്തില്‍ നിങ്ങളുടെ അണ്ടര്‍ സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നു നിങ്ങളുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ഈ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കഴിയില്ലേ?. സ്ത്യവാങ്മൂലങ്ങള്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കണമെന്ന് പല തവണ വ്യക്തമാക്കിയതാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ബഹുമാനിക്കണം, നിങ്ങള്‍ എന്തെങ്കിലും എഴുതി നല്‍കിയാണ് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ കേന്ദ്രം ഒരു നിര്‍ണ്ണായക പദ്ധതി ആവിഷ്‌കരിക്കുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. സ്‌കീമിന് ഒരു നിയമപരമായ ചട്ടക്കൂട് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.


Related News