Loading ...

Home International

ഉപഗ്രഹത്തെ തകര്‍ക്കുന്ന മിസൈല്‍ പരീക്ഷിച്ച്‌ റഷ്യ; അപകടകരമെന്ന് അമേരിക്ക

വാഷിങ്ടണ്‍ ഡി.സി: ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച്‌ റഷ്യ ബഹിരാകാശത്തെ സ്വന്തം മിസൈല്‍ തകര്‍ത്ത് പരീക്ഷണം നടത്തി.

തിങ്കളാഴ്ച നടന്ന പരീക്ഷണത്തെ ശക്തമായി വിമര്‍ശിച്ച്‌ യു.എസ് രംഗത്തെത്തി. റഷ്യയുടെത് അശ്രദ്ധവും അപകടകരവുമായ പ്രവൃത്തിയാണെന്ന് യു.എസ് കുറ്റപ്പെടുത്തി. മുന്‍കരുതലെന്നോണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് തങ്ങളുടെ സ്പേസ് ഷിപ്പിനകത്ത് തയാറായിരിക്കാന്‍ നാസ നിര്‍ദേശം നല്‍കിയിരുന്നു.

ഉപഗ്രഹത്തെ തകര്‍ക്കുന്ന മിസൈലിന്‍റെ പരീക്ഷണം വന്‍തോതില്‍ ബഹിരാകാശ മാലിന്യങ്ങള്‍ക്ക് കാരണമാകുമെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരും വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും വലിയ ഭീഷണിയാകുമെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ റഷ്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വലിയ ഭീഷണിയാകുമെന്ന യു.എസ് വാദം റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് തള്ളി. ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്ക് സ്പേസ് ഷിപ്പില്‍ കഴിയേണ്ടിവന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഐ.എസ്.എസിന്‍റെ ഭ്രമണപഥത്തില്‍ അപകടസാധ്യതയില്ലെന്നും ഐ.എസ്.എസ് ഗ്രീന്‍ സോണിലാണെന്നും റോസ്കോസ്മോസ് ട്വീറ്റ് ചെയ്തു. നിലവില്‍ ഏഴ് ഗവേഷകരാണ് ഐ.എസ്.എസിലുള്ളത്.

അതേസമയം, സ്വന്തം ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച്‌ റഷ്യ തകര്‍ത്തത് 1500ഓളം കഷണങ്ങളായി ചിതറിയിരിക്കുകയാണെന്നും ഇത് ഇനിയും ആയിരക്കണക്കിന് ചെറു മാലിന്യങ്ങളായി ചിതറാന്‍ സാധ്യതയുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടുന്നു.

ബഹിരാകാശ മേഖലയില്‍ എല്ലാ രാഷ്ട്രങ്ങളും അനുവര്‍ത്തിച്ച്‌ വരുന്ന സുരക്ഷ, സ്ഥിരത, ദൃഢത എന്നിവയാണ് റഷ്യ തകര്‍ത്തതെന്ന് യു.എസ് ആരോപിച്ചു. മിസൈല്‍ പരീക്ഷണത്തിലൂടെയുണ്ടായ മാലിന്യം വരുംവര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന നിരവധി ദൗത്യങ്ങളെ അപകടഭീഷണിയിലാക്കും. ബഹിരാകാശ പെരുമാറ്റത്തിന്‍റെ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് റഷ്യയുടെ പ്രവൃത്തി കാണിക്കുന്നതെന്നും പെന്‍റഗണ്‍ പ്രതികരിച്ചു.

Related News