Loading ...

Home Gulf

സൗദിയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നു; എല്ലാ മേഖലയിലും വില വര്‍ധന

സൗദിയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ നേരിയ തോതില്‍ വര്‍ധിച്ചു. പെട്രോള്‍ വില ഉയര്‍ന്നതാണ് ഇപ്പോഴത്തെ കാരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വര്‍ധിച്ചിരുന്നു. മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വര്‍ധിച്ചിരുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. ഒക്ടോബറില്‍ പൂജ്യം ദശാംശം എട്ടു ശതമാനമാണ് പണപ്പെരുപ്പം വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച്‌ നേരിയ വര്‍ധനവാണിത്. പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം മൂല്യ വര്‍ധിത നികുതി ഉയര്‍ത്തിയതാണ്. നിലവില്‍ ജീവിതച്ചെലവ് സൂചിക 105 പോയിന്റാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പെട്രോള്‍ വില വര്‍ധിച്ചതാണ് വീണ്ടും പണപ്പെരുപ്പം നേരിയ തോതില്‍ ഉയരാന്‍ കാരണം. ഇത് എല്ലാ മേഖലയിലും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

ഒരു വര്‍ഷത്തിനിടെ 47 ശതമാനമാണ് പെട്രോള്‍ വില വര്‍ധിച്ചത്. ഇതോടെ ആറര ശതമാനം യാത്രാ ചിലവ് കൂടി. ഭക്ഷണ പാനീയങ്ങള്‍ക്ക് ഒന്നര ശതമാനം വിലയേറി. സ്വന്തം വാഹനമോടിക്കുന്നവര്‍ക്ക് ചിലവ് കൂടിയത് 21 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിലും ചിലവ് അഞ്ച് ശതമാനത്തോളം കൂടി. വീട്ടു വാടകയില്‍ രണ്ടര ശതമാനത്തിലേറെ ഇടിവു വന്നതിനാല്‍ ഈ മേഖലയെ പെട്രോള്‍ വില ബാധിച്ചിട്ടില്ല.

2018 ജനുവരി ഒന്നിനാണ് സൗദിയില്‍ മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് പ്രാബല്യത്തില്‍ വന്നത്. അന്ന് അഞ്ച് ശതമാനമായിരുന്നു നികുതി. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇത് 15 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ ആദ്യ മാസം തന്നെ പണപ്പരുപ്പം ആറ് ശതമാനത്തിലേറെ വര്‍ധിച്ചു. ഇതിന് ശേഷം ഘട്ടം ഘട്ടമായി കുറഞ്ഞു. ആഗോള വിലക്കനുസരിച്ചാണ് സൗദിയും എണ്ണ വില ഉയര്‍ത്തുന്നത്. എന്നാല്‍ കുത്തനെ ഉയരാതിരിക്കാന്‍ സൗദിയിലെ പെട്രോള്‍ പമ്ബുകളില്‍ എണ്ണ വില ലിറ്ററിന് 2.18 റിയാലാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുകളിലേക്ക് വരുന്ന ചിലവ് ഭരണൂകൂടം വഹിക്കും. ആഗോള വില കുറഞ്ഞാല്‍ വില കുറയുകയും ചെയ്യും.

Related News