Loading ...

Home Kerala

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും, കേരളത്തില്‍ പരക്കെ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച്‌ തീവ്രമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

വടക്കു ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ ഇത് ശക്തമായ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും.

ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തെക്ക് കിഴക്കന്‍ അറബികടലിലെ ചക്രവാതചുഴിയും കര്‍ണാടക- തമിഴ്‌നാടിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ച്‌ ചേര്‍ന്നു വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ഗോവ മഹാരാഷ്ട്ര തീരത്ത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും

മധ്യ കിഴക്കന്‍-തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് വടക്കന്‍ കേരളത്തില്‍ കൂടി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത് രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വയനാടും പാലക്കാടും തെക്കന്‍ കേരളവും ഒഴികെ ബാക്കിയെല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Related News