Loading ...

Home National

99 രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനെടുത്തവർക്ക്‌ ക്വാറന്റൈന്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ച തൊണ്ണൂറ്റിയൊന്‍പത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശത്തില്‍ ഇന്ത്യയുടെ കൊവിഡ് 19 വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. യുഎസ്, യുകെ, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ തൊണ്ണൂറ്റിയൊന്‍പത് രാജ്യങ്ങള്‍ക്കാണ് അനുമതി.

പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തുപോകാന്‍ അനുമതി നല്‍കുന്നത്. ഇവര്‍ പതിനാല് ദിവസം സ്വയം നിരീക്ഷിച്ചാല്‍ മതിയാകും. ഭാഗികമായി വാക്സിനേഷന്‍ സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെ കൊവിഡ് ടെസ്റ്റിന് വിധേയരാകണം. ഇതിന് ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്നും പുറത്ത് പോകാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ പാലിക്കണം. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകുകയാണെങ്കില്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷിക്കണം.

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രക്കാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെയും ഇന്ത്യയിലെ ആഗമനത്തെതുടര്‍ന്നുള്ള കൊവിഡ് ടെസ്റ്റില്‍ നിന്നും ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ എത്തുന്നവരില്‍ കൊവിഡ് ലക്ഷണങ്ങളുള്ളവരും ഹോം ക്വാറന്റൈനില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും കൊവിഡ് ടെസ്റ്റിന് വിധേയമാകുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം.


Related News