Loading ...

Home International

കിഫ്ബിയില്‍ സര്‍ക്കാരിനെ വിടാതെ സി.എ.ജി; സി.ഇ.ഒ നിയമനം നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ കീഴിലുള്ള കിഫ്ബിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ (സി.എ.ജി) സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.

കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന്‍റെ നിയമനം നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ് ഡോ. കെ.എം എബ്രഹാമിന് നല്‍കിയത്. ഇത് 2016 ഫെബ്രുവരി 26ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ജനുവരിയില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് കെ.എം. എബ്രഹാമിനെ നിയമിച്ചിരുന്നത്. 2.75 ലക്ഷം രൂപയായിരുന്നു പ്രതിമാസ ശമ്ബളം. കൂടാതെ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനവ് നല്‍കാനും തീരുമാനിച്ചിരുന്നു. സര്‍ക്കാറിന്‍റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്തരം തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് മാത്രമേ കരാര്‍ നിയമനം പാടുള്ളൂവെന്നാണ് ഉത്തരവ്. ഈ ഉത്തരവ് മറികടന്നാണ് കെ.എം എബ്രഹാമിനെ കിഫ്ബി സി.ഇ.ഒയായി നിയമിച്ചത്. ഇത് 2016ലെ ഉത്തരവിന് വിരുദ്ധമാണെന്ന് സ്പെഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഫ്ബി പ്രോജക്‌ട് എക്സാമിനര്‍ ചീഫ് എന്‍ജിനീയറുടെ നിയമത്തിലും സമാനമായ ചട്ടം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, യോഗ്യതയില്ലാത്തതില്‍ നിന്ന് ഒരാളെ നിയമിച്ചു. ഡെപ്യൂട്ടേഷനില്‍ നിയമം നല്‍കാവുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും കരാര്‍ നിയമനം നടത്തി. ഇതുവഴിയും ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാറിന് ഉണ്ടായി. ചീഫ് എക്സാമിനര്‍ നിയമനത്തില്‍ മാത്രം 42 ലക്ഷം രൂപയുടെ അധിക ചെലവ് വന്നു. സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ല, സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പല തസ്തികകളും സൃഷ്ടിച്ചത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിലും കൂടുതല്‍ അലവന്‍സുകള്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയ ബാങ്കിലെ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബ് പിന്‍വലിച്ചു. ഇതിലൂടെ 4.67 കോടി രൂപ നഷ്ടപ്പെടുത്തി. മസാല ബോണ്ട് ലഭിച്ച പണം രണ്ട് വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കണമെന്ന് കിഫ്ബിക്ക് അറിയാമായിരുന്നു. കെ.എസ്.എഫ്.ഇയിലെ 31 കോടി രൂപ സുരക്ഷാ ബോണ്ട് വഴി കിഫ്ബി സ്വീകരിച്ചെങ്കിലും അശ്രദ്ധ കാരണം ആകെ 109 കോടി രൂപ പലിശ നല്‍കി.

പ്രവാസി ചിട്ടിക്ക് 7.51 കോടി രൂപ ചെലവഴിച്ച്‌ സോഫ്റ്റ് വെയര്‍ വാങ്ങിയെങ്കിലും കെ.എസ്.എഫ്.ഇക്ക് കൈമാറിയിട്ടില്ല. പ്രവാസി ചിട്ടിയുടെ അവകാശി കെ.എസ്.എഫ്.ഇ ആയതിനാല്‍ അക്കൗണ്ട് കിഫ്ബി കൈകാര്യം ചെയ്യുന്നത് ശരിയല്ല. വൗച്ചറുകള്‍ ഹാജരാക്കാതെ തന്നെ ചെലവുകള്‍ അംഗീകരിച്ചു. തിരുത്തിയ ഹോട്ടല്‍ ബില്ലുകള്‍ക്ക് പണം നല്‍കിയെന്നും സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എ.ജി. സുനില്‍ രാജിന്‍റെ നിര്‍ദേശ പ്രകാരം തയാറാക്കിയ സ്പെഷ്യല്‍ ഒാഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രിലില്‍ തന്നെ സര്‍ക്കാറിന് ലഭിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ വെക്കാന്‍ സര്‍ക്കാറിന് ബാധ്യതിയില്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.



Related News