Loading ...

Home National

സംഘര്‍ഷ സാധ്യതയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

കട്ടപ്പന: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനു പിന്നാലെ കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ്‌ ഉയര്‍ത്തുമെന്ന തമിഴ്‌നാട്‌ മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ്‌ അതിര്‍ത്തി പ്രദേശത്ത്‌ സംഘര്‍ഷ സാധ്യത ഉടലെടുത്തത്‌.തമിഴ്‌നാട്ടിലെ കമ്ബം, ഗൂഡല്ലൂര്‍ പ്രദേശത്ത്‌ കേരളത്തിനെതിരേ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ വീണ്ടും അതിര്‍ത്തി പ്രദേശത്ത്‌ തമിഴ്‌- മലയാളം സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന വിവരം സംസ്‌ഥാന ഇന്റലിജന്‍സ്‌ വിഭാഗത്തിനു ലഭിച്ചത്‌.മുല്ലപ്പെരിയാര്‍ പ്രശ്‌നം കേരളത്തിലും തമിഴ്‌നാട്ടിലും വീണ്ടും ചര്‍ച്ചയായതോടെ തീവ്ര തമിഴ്‌ പ്രചാരകരായ അന്‍വര്‍ ബാല സിങ്കം അടക്കമുള്ളവര്‍ അതിര്‍ത്തിയില്‍ ക്യാമ്ബ്‌ ചെയ്യുന്നുണ്ടെന്നാണു വിവരം. മുമ്ബ്‌ മൂന്നാറില്‍ തമിഴ്‌-മലയാളം സംഘര്‍ഷത്തിനു കാരണമായതും ഇത്തരം തീവ്ര ചിന്താഗതിക്കാരുടെ സാന്നിധ്യമാണ്‌. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ഭീതിയാണ്‌ അതിര്‍ത്തി പ്രദേശത്ത്‌ ഉയരുന്നത്‌.മുല്ലപ്പെരിയാര്‍ വിഷയം മുന്‍ നിര്‍ത്തി ഇടുക്കിയെ തമിഴ്‌നാടിനോട്‌ ചേര്‍ക്കണമെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനുള്ള പ്രചാരണങ്ങളും തമിഴ്‌നാട്ടില്‍ നടന്നു വരുന്നുണ്ട്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള കേരള- തമിഴ്‌നാട്‌ സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാണ്‌ ഇത്തരം വ്യാജ പ്രചരണങ്ങള്‍.കേരളത്തിലുള്ള തമിഴര്‍ക്കും തമിഴ്‌നാട്ടിലുള്ള മലയാളികള്‍ക്കും ഇത്തരം വ്യാജ പ്രചരണങ്ങള്‍ ഭയാശങ്കയ്‌ക്കു കാരണമായിട്ടുണ്ട്‌. മുമ്ബ്‌ സമാനമായി വിദ്വേഷ പ്രചരണങ്ങള്‍ ഉയര്‍ന്ന സമയത്ത്‌ തമിഴ്‌നാട്ടില്‍ വ്യാപകമായി മലയാളികളെ ആക്രമിക്കുകയും സ്വത്ത്‌ വകകള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ്‌ കുമളി അടക്കമുള്ള അതിര്‍ത്തി പ്രദേശത്ത്‌ കേരള പോലീസ്‌ പരിശോധന കര്‍ശനമാക്കിയത്‌.
സംശയം തോന്നുന്ന വാഹനങ്ങളെ പരിശോധിച്ച ശേഷമാണ്‌ അതിര്‍ത്തി കടത്തുന്നത്‌. സമാനമായി തമിഴ്‌നാട്‌ പോലീസും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്‌.


Related News