Loading ...

Home National

യു.എസിലെ ക്ഷേത്ര നിര്‍മാണത്തിന്​ അടിമപ്പണിയും മനുഷ്യക്കടത്തും​; ഹിന്ദുത്വസംഘടനക്കെതിരെ പരാതി

ന്യൂയോര്‍ക്ക്​: ഇന്ത്യയില്‍ നിന്നുള്ള നൂറ്​ കണക്കിന്​ തൊഴിലാളികളെ യു.എസിലെ വിവിധ സ്​ഥലങ്ങളിലുള്ള ക്ഷേത്ര നിര്‍മാണങ്ങളില്‍ ഏറ്റവും കുറഞ്ഞ കൂലിക്ക്​ നിര്‍ബന്ധിച്ച്‌​ പണിശയടുപ്പിക്കുന്നതായി ഹിന്ദുത്വ സംഘടനക്കെതിരെ പരാതി.

ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്​തക്കെതിരെയാണ്​ (ബി.എ.പി.എസ്​) പരാതി. മനുഷ്യക്കടത്തു നടത്തിയെന്നും വേതന നിയമങ്ങള്‍ ലംഘിച്ചെന്നും കാട്ടി സംഘടനക്കെതിരെ ഒരു കൂട്ടം ഇന്ത്യന്‍ തൊഴിലാളികള്‍ യു. എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്​തു.

ന്യൂജഴ്​സിയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തിന്‍റെ പണികള്‍ കേവലം ഒരു ഡോളറിന്​ ചെയ്യാന്‍ നിര്‍ബന്ധിതരായി എന്ന്​ തൊഴിലാളികള്‍ പറയുന്നു. അറ്റ്ലാന്‍റ, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മാണത്തിലും അടിമപ്പണി നടക്കുന്നതായി ന്യൂയോര്‍ക്ക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ന്യൂജഴ്‌സിയിലെ റോബിന്‍സ്‌വില്ലില്‍ അവര്‍ക്ക് പ്രതിമാസം 450 ഡോളര്‍ മാത്രമാണ് കൂലി നല്‍കുന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായും ന്യൂയോര്‍ക്ക്​ ടൈംസ്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

പല നിര്‍മാണ കേന്ദ്രങ്ങളിലും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ പോലുമില്ല. അപകടകരമായ സാഹചര്യത്തിലാണ്​ ഇവര്‍ പണിയെടുക്കുന്നത്​. 2018 മുതലാണ്​ സംഘടന ക്ഷേത്ര നിര്‍മാണങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന്​ യു.എസിലേക്ക്​ മനുഷ്യക്കടത്ത്​ തുടങ്ങിയത്​. ഇതിനകം 200ലധികം പേരെ അവിടെ എത്തിച്ചിട്ടുണ്ട്​.

റോബിന്‍സ്‌വില്ലിലുള്ള സ്വാമിനാരായണ ക്ഷേത്രം യു.എസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്​. നിര്‍ബന്ധിത തൊഴില്‍, നിര്‍ബന്ധിത ജോലിയുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത്, അടിമ ജോലി, ഗൂഢാലോചന, വിദേശ തൊഴില്‍ കരാറില്‍ വഞ്ചനയില്‍ ഏര്‍പ്പെടാനുള്ള ഉദ്ദേശ്യത്തോടെ കുടിയേറ്റ രേഖകള്‍ നിര്‍മിക്കല്‍ല്‍, മിനിമം വേതനം നല്‍കാത്തത് എന്നിവ ഉള്‍പ്പെടുത്തിയാണ്​ സംഘടനക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്​.

തൊഴിലാളികള്‍ക്ക് മണിക്കൂറിന് 1.2 ഡോളര്‍ വേതനം മാത്രമാണ്​ നല്‍കുന്നതെന്ന്​ ഇന്ത്യ സിവില്‍ വാച്ച്‌​ ഇന്‍റര്‍നാഷനല്‍ എന്ന സംഘടന പറയുന്നു. യു.എസ് ഫെഡറല്‍ അനുശാസിക്കുന്ന മിനിമം വേതനമായ മണിക്കൂറില്‍ 7.25 ഡോളറിലും വളരെ താഴെയാണിത്​.

മാത്രമല്ല, ​ട്രയിലറുകളിലാണ്​ ഇവരെ പാര്‍പ്പിച്ചിരുന്നതെന്നും ന്യൂയോര്‍ക്ക്​ ടൈംസ്​ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ഏകദേശം 13 മണിക്കൂര്‍ ജോലി ചെയ്തു. വലിയ കല്ലുകള്‍ ഉയര്‍ത്തുക, ക്രെയിനുകള്‍, മറ്റ് ഭാരമേറിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, റോഡുകളും ആഴമേറിയ അഴുക്കുചാലുകളും നിര്‍മ്മിക്കുക, കിടങ്ങുകള്‍ കുഴിക്കുക, മഞ്ഞ് കളയുക എന്നീ പണികളാണ്​ എടുത്തിരുന്നത്​ -ഒരു തൊഴിലാളി പറയുന്നു. 50 ഡോളര്‍ തൊഴിലാളികളുടെ കൈവശം പണമായി നല്‍കുകയും ബാക്കി 400 ഡോളര്‍ നാട്ടിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാണ്​ ചെയ്​തുകൊണ്ടിരുന്നത്​. എന്നാല്‍, ഈ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിക്കുന്നതായി ബി.എ.പി.എസ് അറിയിച്ചു.


Related News